അനുഗ്രഹീതനും അഭിമാനിതനുമായി, മുഴുവൻ സമയവും മെസ്സിയുടെ പിറകെ നടന്നതു കൊണ്ട് ജേഴ്‌സി കിട്ടി : ഹോണ്ടുറാസ് താരം

കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഹോണ്ടുറാസിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. മത്സരത്തിൽ ലിയോ മെസ്സി തന്റെ മികവ് പുലർത്തി. രണ്ട് ഗോളുകളായിരുന്നു മെസ്സി നേടിയിരുന്നത്. ഒരു ഗോൾ ലൗറ്ററോ മാർട്ടിനസിന്റെ വകയായിരുന്നു.

മത്സരശേഷം ലയണൽ മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാനും സെൽഫി എടുക്കാനുമൊക്കെ എതിർ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. മാത്രമല്ല പതിവുപോലെ മെസ്സിയുടെ ജേഴ്സിക്കും ഒരുപാട് ആവശ്യക്കാർ ഉണ്ടായിരുന്നു. ഒടുവിൽ ഹോണ്ടുറാസ് താരമായ ഹെക്ടർ കാസ്റ്റല്ലാനോസാണ് മെസ്സിയുടെ ജേഴ്സി സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല മെസ്സിക്കൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

മത്സരം മുഴുവനും എന്റെ പിന്നാലെ നടക്കുമോ എന്ന് മെസ്സി ചോദിച്ചപ്പോൾ താൻ അതെ എന്നാണ് ഉത്തരം നൽകിയത് എന്നാണ് ഇതേക്കുറിച്ച് ഹെക്ടർ പറഞ്ഞിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ നേരിടാൻ കഴിഞ്ഞതിൽ താൻ അനുഗ്രഹീതനും അഭിമാനിതനുമായി എന്നും ഈ ഹോണ്ടുറാസ് താരം പറഞ്ഞു.