വോട്ടിംഗിൽ എർലിംഗ് ഹാലൻഡിന്റെ അതേ പോയിന്റ് നേടിയിട്ടും ലയണൽ മെസ്സി എങ്ങനെയാണ് ഫിഫ ബെസ്റ്റ് അവാർഡ് നേടിയത്? | Lionel Messi

ലോക ഫുട്ബോളിലെ ഏറ്റവും മികച്ചത് ഓരോ വർഷവും ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് അർജന്റീനയുടെ ഇന്റർമിയാമി സൂപ്പർതാരമായ ലിയോ മെസ്സിയാണ്. തുടർച്ചയായി രണ്ടാമത്തെ തവണ സ്വന്തമാക്കുന്ന ലിയോ മെസ്സിയുടെ കരിയറിലെ എട്ടാമത്തെ ഫിഫ പുറസ്‌കാരമാണ്. ഇത് മൂന്നാം തവണയാണ് അർജന്റീനിയൻ സൂപ്പർ താരം ‘ദി ബെസ്റ്റ്’ നേടുന്നത്.2019-ലും 2022-ലും മെസ്സി ഈ അവാർഡ് സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിൽ വച്ചാണ് ലിയോ മെസ്സിയെ 2023ലെ ഏറ്റവും മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത്. ഓരോ ദേശീയ ടീമിന്റെയും നായകന്മാരും കോച്ചുമാരും മീഡിയയും ഫാൻസുമാണ് ഫിഫ ദി ബെസ്റ്റ് അവാർഡിന് വോട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച താരത്തിനാണ് ഫിഫ ദി ബെസ്റ്റ് അവാർഡ് ലഭിക്കുക. ഫിഫ ദി ബെസ്റ്റ് അവാർഡിന് മൂന്ന് താരങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യാനുള്ള അവസരമുണ്ട്, ആദ്യ വോട്ടിന് 5 പോയന്റ് ലഭിക്കും, പിന്നീടുള്ള വോട്ടുകൾ എല്ലാം താഴെയുള്ള പോയിന്റുകളാണ് ലഭിക്കുന്നത്.മെസിക്കും ഹാളണ്ടിനും 48 പോയിന്റ് വീതമാണ് ലഭിച്ചത്. എംബാപ്പെ 35 പോയിന്റ് നേടി.

ഹാളണ്ടിനും മെസിക്കും ഒരേ പോയിന്റ് ലഭിച്ചിട്ടും എന്തുകൊണ്ട് അര്‍ജന്റൈന്‍ നായകന്‍ ഒന്നാമതായി എന്നാണ് ഫുട്‌ബോള്‍ ഉയര്‍ത്തുന്ന ചോദ്യം. മെസിയാവട്ടെ അവാര്‍ഡിന് പരിഗണിച്ച കാലയളവില്‍ പ്രധാന നേട്ടങ്ങളൊന്നും നേടിയിട്ടുമില്ല. എന്നിട്ടും മെസി എങ്ങനെ ഒന്നാമതെത്തിയെന്ന് നോക്കാം.രണ്ട് താരങ്ങള്‍ക്ക് തുല്യപോയിന്‍റ് ലഭിക്കുകയാണെങ്കില്‍ ദേശീയ ടീം ക്യാപ്റ്റന്മാരുടെ ഫസ്റ്റ് ചോയ്‌സ് വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ നിര്‍ണയിക്കുക. ഇക്കാര്യത്തില്‍ 36-കാരനായ മെസി മുന്നിലായതോടെയാണ് ഹാലന്‍ഡിന് പുരസ്‌ക്കാരം നഷ്‌ടപ്പെട്ടത്.

ഫിഫ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവര പ്രകാരം ആരാധകരുടേയും വോട്ടിങ്ങില്‍ മെസി മുന്നിലെത്തിയിരുന്നു. എന്നാൽ പരിശീലകരുടേയും മാധ്യമ പ്രവർ‌ത്തരുടേയും വിഭാഗത്തിൽ നിന്നും എർലിങ് ഹാലന്‍ഡിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. 13 ദേശീയ ടീം നായകന്മാർ ലിയോ മെസ്സിക്ക് ആദ്യ വോട്ട് നൽകിയപ്പോൾ എർലിംഗ് ഹാലൻഡിന് ലഭിച്ചത് 11 ദേശീയ ടീം നായകന്മാരിൽ നിന്നുള്ള ആദ്യ വോട്ടാണ്. അതിനാൽ ഏറ്റവും കൂടുതൽ ക്യാപ്റ്റൻമാരുടെ ആദ്യ വോട്ടായ 5 പോയിന്റുകൾ ലഭിച്ച മെസ്സി ഫിഫ ബെസ്റ്റ് സ്വന്തമാക്കി.

യുവേഫ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗ് കിരീടവുമുൾപ്പെടെ യൂറോപ്പിലെ സാധ്യമായ നേട്ടങ്ങളെല്ലാം നേടി യൂറോപ്പിലെ ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ എർലിംഗ് ഹാലണ്ട് പുരസ്‌കാരം നേടുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ലിയോ മെസ്സിക്ക് ഫിഫ ദി ബെസ്റ്റ് അവാർഡ് കിട്ടിയത് വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ്. അവസാനം വരെ ഹാലൻഡ് ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സി അവാർഡ് നേടിയത്.

5/5 - (1 vote)