‘ക്രൊയേഷ്യയിൽ നിന്ന് ഞാൻ കണ്ടെത്തണമോ ?’ : സ്ട്രൈക്കർമാരെ ഉത്പാദിപ്പിക്കാൻ വേണ്ടിയല്ല ഇന്ത്യയിൽ എത്തിയിട്ടുള്ളത്, എന്റെ പണി അതല്ല | Igor Stimac

2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനോട് മൂന്നു ഗോളിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ യാത്ര ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.നാളെ നടക്കുന്ന നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യ സിറിയയെ നേരിടും.

ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ല. രണ്ടു മത്സരങ്ങളിലും ഇന്ത്യ കുറച്ച് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും എല്ലായ്പ്പോഴും എന്നപോലെ ഫൈനൽ ടച്ച് ഇല്ലായിരുന്നു. സുനിൽ ഛേത്രിയെ കൂടാതെ ദേശീയ ടീമിൽ ഗോൾ സ്‌കോറർ തെളിയിക്കപ്പെട്ടിട്ടില്ല. മത്സരത്തിന് ശേഷം സംസാരിച്ച സ്ടിമാക്ക് സുനിൽ ഛേത്രിയുടെ പകരക്കാരനെ കുറിച്ച് സംസാരിച്ചു.സുനിൽ ഛേത്രിക്ക് അനുയോജ്യമായ പകരക്കാരനെ കണ്ടെത്തുകയെന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്ന് പറയുകയും ചെയ്തു.സുനിൽ ഛേത്രിയുടെ പിൻഗാമിയായി ഇന്ത്യൻ ക്ലബ്ബുകൾ കൂടുതൽ സ്ഥിരതയുള്ള സെന്റർ ഫോർവേഡുകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ ഛേത്രി തന്റെ കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോൾ പ്രതിഭാധനരായ ഫോർവേഡുകളെ ആഭ്യന്തരമായി വളർത്തിയെടുക്കാൻ ഗൌരവമായ ശ്രമങ്ങൾ നടത്തണമെന്ന് സ്റ്റിമാക് ആവശ്യപ്പെട്ടു. “ആളുകൾ എല്ലായ്പ്പോഴും ഒരു ചോദ്യത്തിലേക്ക് നോക്കുന്നു, അതിനുള്ള ഉത്തരം നമുക്കെല്ലാവർക്കും അറിയാം. സമയമാകുമ്പോൾ ആ സ്ഥാനത്ത് ഏറ്റവും സ്ഥിരതയുള്ള താരം ആരാണെന്ന് കണ്ടറിയണം. ഇന്ത്യയിൽ നമുക്ക് എത്ര സെന്റർ ഫോർവേഡുകൾ ഉണ്ട്? ക്രൊയേഷ്യയിൽ നിന്ന് ഞാൻ അവരെ കണ്ടെത്തുമെന്ന് കരുതുന്നുണ്ടോ ? ” സ്റ്റിമാക് പറഞ്ഞു.

ബെംഗളൂരു എഫ്‌സിയും ഇടയ്‌ക്കിടെ ചെന്നൈയിൻ എഫ്‌സിയും മാത്രമാണ് നിലവിലെ ഐഎസ്‌എൽ സീസണിൽ ഇന്ത്യൻ സ്‌ട്രൈക്കർമാരെ സ്ഥിരമായി ഫീൽഡ് ചെയ്യുന്നത്.”“താഴെ ലീഗുകളിലും പിന്നെ ഐ‌എസ്‌എല്ലിലും സെന്റർ ഫോർവേഡായി കളിക്കാൻ യുവാക്കളെ അനുവദിക്കേണ്ടതുണ്ട്.അപ്പോൾ സുനിൽ ഛേത്രിയെപ്പോലെ ആരെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ആളുകൾ ഗൗരവത്തോടെയും ദീർഘകാല പദ്ധതിയിലും പ്രവർത്തിക്കാൻ തുടങ്ങിയില്ലെങ്കിൽ ഒന്നും സംഭവിക്കില്ല” പരിശീലകൻ പറഞ്ഞു.

“ഞാൻ സ്ട്രൈക്കർമാരെ ഉത്പാദിപ്പിക്കാൻ വേണ്ടിയല്ല ഇന്ത്യയിൽ എത്തിയിട്ടുള്ളത്.എന്റെ പണി അതല്ല. ക്ലബ്ബുകളാണ് അത് ചെയ്യേണ്ടത്.ഞാൻ ചെയ്യുന്നത് മികച്ച താരങ്ങളെ തിരഞ്ഞെടുക്കുക മാത്രമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

2/5 - (9 votes)