മെസിക്ക് വേണ്ടി കളിക്കാനാണ് ഞാൻ ടീമിനോടാവശ്യപ്പെട്ടതെന്ന് പിഎസ്‌ജി പരിശീലകൻ |Lionel Messi

തനിക്ക് ചുറ്റും ഒരു ടീമിനെ കൃത്യമായി ഒരുക്കിയെടുത്താൽ മികച്ച പ്രകടനം നടത്താനും കിരീടങ്ങൾ നേടാനും കഴിയുമെന്ന് മെസി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ലയണൽ സ്‌കലോണി അർജന്റീനക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം ഇങ്ങിനെ തന്നെയായിരുന്നു. കളിക്കളത്തിൽ സ്വതന്ത്രമായി കളിക്കാനാണ് മെസി ഇഷ്‌ടപ്പെടുന്നത്, അത് താരത്തെ കൂടുതൽ അപകടകാരിയാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ടുളൂസേക്കെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയ താരം അതിനു ശേഷം ക്ലബിലെത്തിയപ്പോൾ ഫോം മോശമായിരുന്നു. ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയരുമ്പോഴാണ് മെസിയിന്നലെ തകർപ്പൻ കളി കാഴ്‌ച വെച്ചത്. മത്സരത്തിന് ശേഷം താരത്തെ പ്രശംസിച്ച ഗാൾട്ടിയാർ മെസിയെ കേന്ദ്രീകരിച്ചാണ് ടീമിനെ ഒരുക്കിയതെന്നും പറഞ്ഞു.

“മെസിക്ക് വേണ്ടി കളിക്കാനും അധ്വാനിക്കാനുമാണ് ഞാൻ ടീമിലെ മറ്റുള്ളവരോട് ആവശ്യപ്പെട്ടത്. ചില ജോലികളിൽ നിന്നും താരത്തെ സ്വതന്ത്രമാക്കി വിടണം. ടീമിലെ മറ്റുള്ള താരങ്ങൾ കൂടുതൽ അധ്വാനിച്ച് പന്ത് വീണ്ടെടുക്കുകയും മുന്നേറ്റങ്ങൾ തുടങ്ങുകയും ചെയ്‌താൽ മാത്രമേ മെസിക്ക് ഇതുപോലെയുള്ള, കടുത്ത പ്രതിരോധം ഒരുക്കുന്ന എതിരാളികളെയും കീറിമുറിച്ച് പാസ് നൽകാൻ കഴിയൂ. ഇന്നത്തെ ഫുട്ബോളിൽ ഇതുപോലെയുള്ള പാസുകൾ തന്നെ വളരെ കുറവാണ്.” അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ പ്രതിരോധതാരം ഹക്കിമിയെയും പിഎസ്‌ജി പരിശീലകൻ പ്രശംസിക്കുകയുണ്ടായി. റൈറ്റ്‌ബാക്കായ താരം ഒരു ഗോളും ലയണൽ മെസി നേടിയ ഗോളിന് അസിസ്റ്റും നൽകിയിരുന്നു. ഇതിനു പുറമെ ലോ ബ്ലോക്ക് ശൈലിയിൽ കളിച്ച ടീമിനെതിരെ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാനും പിഎസ്‌ജിയിലെ താരങ്ങൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ലയണൽ മെസിക്ക് കൂടുതൽ സ്വാതന്ത്ര്യം കളിക്കളത്തിൽ നൽകിയാൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തന്നെയാണ് കഴിഞ്ഞ മത്സരവും തെളിയിച്ചത്. എന്നാൽ നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ ഒപ്പം കളിക്കുന്നത് ഇതിനുള്ള സാധ്യതകൾ പരിമിതമാക്കുന്നു. ഈ മൂന്നു താരങ്ങളും ഒരുമിച്ച് കളിക്കുന്നത് പിഎസ്‌ജി പ്രതിരോധനിരക്ക് കൂടുതൽ പ്രശ്‍നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്.

5/5 - (1 vote)
Lionel MessiPsg