എനിക്കത് വിശ്വസിക്കാൻ പോലും സാധിച്ചില്ല: അസുലഭ മുഹൂർത്തത്തെ കുറിച്ച് മെസ്സി പറയുന്നു!
ലയണൽ മെസ്സി തന്റെ കരിയറിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് ഒരു അന്താരാഷ്ട്ര കിരീടം നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതിന്റെ പേരിലായിരുന്നു. മൂന്ന് തവണയാണ് ലയണൽ മെസ്സിക്ക് കയ്യെത്തും ദൂരത്ത് അന്താരാഷ്ട്ര കിരീടം നഷ്ടമായത്. അതിന്റെ ആഘാതത്തിൽ മെസ്സി ഒരുതവണ വിരമിക്കൽ പ്രഖ്യാപിക്കുക പോലും ചെയ്തിരുന്നു.
എന്നാൽ കാലത്തിന്റെ കാവ്യ നീതി പോലെ വിമർശകർക്കെല്ലാം മറുപടി പറഞ്ഞുകൊണ്ട് മെസ്സി കോപ്പ അമേരിക്ക കിരീടം ഉയർത്തി. ലയണൽ സ്കലോണിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ ബ്രസീലിൽ വെച്ചാണ് ആ കിരീടം മെസ്സി നേടിയത്. ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ സാധിച്ചത് കിരീടനേട്ടത്തിന്റെ മധുരം ഇരട്ടിയാക്കുകയും ചെയ്തു.
ഏതായാലും ആ അസുലഭ മുഹൂർത്തത്തെ ഒരിക്കൽ കൂടി ലയണൽ മെസ്സി വിവരിച്ചിട്ടുണ്ട്.ആ കിരീടം നേടിയ സന്ദർഭത്തിൽ തനിക്ക് വിശ്വസിക്കാൻ പോലും സാധിച്ചില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. താൻ എക്കാലവും ശ്രമിച്ചുകൊണ്ടിരുന്ന ഒരു ലക്ഷ്യമായിരുന്നു അതെന്നും മെസ്സി കൂട്ടിച്ചേർത്തു.
‘ ഞങ്ങൾ കോപ്പ അമേരിക്ക കിരീടം നേടിയപ്പോൾ എനിക്കത് വിശ്വസിക്കാൻ പോലും സാധിച്ചില്ല. അത് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല.പക്ഷേ അതെല്ലാമായിരുന്നു.എനിക്ക് എന്താണ് ആവശ്യം അത് നൽകപ്പെട്ടു. ഞാൻ എക്കാലവും ശ്രമിച്ചുകൊണ്ടിരുന്ന ഒരു ലക്ഷ്യമായിരുന്നു അത്. അർജന്റീനക്കൊപ്പം എന്തെങ്കിലും ഒരു കിരീടം നേടുക എന്നുള്ളത് അടിസ്ഥാനപരമായ ഒരു കാര്യമായിരുന്നു ” ലിയോ മെസ്സി പറഞ്ഞു.
🗣 Leo Messi: “When we won Copa América I couldn't believe it, I didn’t know how to explain it but it was like saying 'that's it, what I needed was given', it was one of the goals I needed to try to close everything. It was fundamental to be able to win something with Argentina.” pic.twitter.com/4azRGVKIfT
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 6, 2022
ദീർഘകാലത്തെ ഒരു കാത്തിരിപ്പിനാണ് മെസ്സി ബ്രസീലിൽ വെച്ച് വിരാമമിട്ടത്. ഇനി വരുന്ന ഖത്തർ വേൾഡ് കപ്പിലാണ് മെസ്സിയും അർജന്റീനയും പ്രതീക്ഷ വെച്ചുപുലർത്തുന്നത്. വരുന്ന ഖത്തർ വേൾഡ് കപ്പ് തന്റെ അവസാന കപ്പ് ആണ് എന്നുള്ളത് മെസ്സി ഈ അഭിമുഖത്തിൽ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.