‘ബാഴ്സലോണയില്ലാത്ത ഒരു യൂറോപ്യൻ ക്ലബ്ബിലേക്കും പോവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല’ : ലയണൽ മെസ്സി | Lionel Messi

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അമേരിക്കയിലേക്കുള്ള ട്രാൻസ്ഫറിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ലയണൽ മെസ്സി.എന്തുകൊണ്ടാണ് താൻ ബാഴ്സലോണയെയും യൂറോപ്യൻ ക്ലബ്ബുകളെയും തഴഞ്ഞുകൊണ്ട് ഇന്റർമിയാമിയെ തിരഞ്ഞെടുത്തു എന്നുള്ളതിന്റെ കാരണം മെസ്സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുണ്ടോ ഡീപോർറ്റീവോ സ്പോർട്ട് എന്നിവക്ക് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്. ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന കാര്യം വ്യക്തമായതിനു പിന്നാലെയാണ് താരത്തിന്റെ അഭിമുഖം പുറത്തു വന്നത്.ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു താരത്തിന്റെ ഉത്തരം. പക്ഷേ, അത് സംഭവിക്കുമെന്ന് തനിക്ക് ഒരിക്കലും ഉറപ്പുമുണ്ടായിരുന്നില്ല. കാരണം രണ്ട് വർഷം മുമ്പ് 2021 ഓഗസ്റ്റിലെ സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും ഓർമ്മയിലുണ്ടെന്ന് മെസി പറഞ്ഞു.

ഒരുഘട്ടത്തിലും പണം തനിക്കൊരു പ്രശ്നമായിരുന്നില്ല. ബാഴ്‌സലോണയുമായി കരാർ ചർച്ച നടന്നിട്ടില്ല.“ലാ ലിഗ എല്ലാം സ്വീകരിച്ചുവെന്നും എനിക്ക് മടങ്ങിവരാൻ എല്ലാം ശരിയാണെന്നും പറഞ്ഞതായി കേട്ടെങ്കിലും മറ്റ് നിരവധി കാര്യങ്ങൾ സംഭവിക്കേണ്ടതുണ്ട്. ബാഴ്‌സലോണ കളിക്കാരെ വിൽക്കുകയോ കളിക്കാരുടെ ശമ്പളം കുറയ്ക്കുകയോ ചെയ്യണമെന്ന് കേട്ടു, അതിലൂടെ പോകാൻ ഞാൻ ആഗ്രഹിച്ചില്ല എന്നതാണ് സത്യം. ഞാൻ പോയപ്പോൾ, അവർക്ക് എന്നെ രജിസ്റ്റർ ചെയ്യാമെന്ന് ലാ ലിഗയും സമ്മതിച്ചിരുന്നു, അവസാനം അത് ചെയ്യാൻ കഴിഞ്ഞില്ല.”പണത്തിന്റെ പ്രശ്‌നമായിരുന്നെങ്കിൽ ഞാൻ സൗദിയിലേക്കോ മറ്റെവിടെയെങ്കിലുമോ പോകുമായിരുന്നുവെന്നും മെസ്സി പറഞ്ഞു.

അൽ ഹിലാലിൽ നിന്നും വന്ന 500 മില്യൺ യൂറോയുടെ ഓഫർ ആണ് മെസ്സി വേണ്ടെന്നു വെച്ചത്.തനറെ തീരുമാനത്തിന് കാരണം വേറെയൊന്നും പണമല്ലെന്നും മെസ്സി പറഞ്ഞു. മറ്റു യൂറോപ്യൻ ടീമുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിയുന്നെങ്കിലും ബാഴ്‌സയിലേക്ക് പോകാൻ സാധിക്കാത്തതോടെ അതെല്ലാം നിരസിച്ചുവെന്നും മെസ്സി പറഞ്ഞു.മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതും 2018 ൽ സ്ഥാപിതമായതുമായ ക്ലബ്ബാണ് ഇന്റർ മിയാമി.

Rate this post
Lionel Messi