❝ക്ലബ്ബ് വിടാൻ ബാഴ്സലോണയിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നു, മെസ്സിക്ക് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഞാനല്ല❞

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ തങ്ങളുടെ ഡച്ച് സൂപ്പർതാരമായ ഫ്രങ്കി ഡി യോങ്ങിനെ ഒഴിവാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ബാഴ്സ വിടാൻ ഡി യോങ് താൽപ്പര്യം കാണിച്ചിരുന്നില്ല. മാത്രമല്ല എഫ്സി ബാഴ്സലോണയാവട്ടെ താരത്തിന് സാലറി നൽകാൻ ബാക്കിയുമുണ്ട്.

ഏതായാലും ഈ വിഷയങ്ങളെക്കുറിച്ച് ഇപ്പോൾ ഡി യോങ് പ്രതികരിച്ചിട്ടുണ്ട്. അതായത് ബാഴ്സയിൽ മെസ്സിക്ക് ശേഷം ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്നത് താരം താനല്ല എന്നാണ് ഡി യോങ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ ബാഴ്സ നിർബന്ധിച്ചുവെന്നും ഡി യോങ് സ്ഥിരീകരിച്ചിട്ടുണ്ട്. സിഗ്ഗോസ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ മെസ്സിക്ക് ശേഷമുള്ള ബാഴ്സയിലെ ബെസ്റ്റ് പെയ്ഡ് പ്ലെയർ ഞാനാണ് എന്ന് എനിക്ക് തോന്നുന്നില്ല. ഒരുപാട് നുണകൾ പ്രചരിപ്പിക്കുന്ന ഒരു ക്യാമ്പയിൻ തന്നെ ഇവിടെ നടക്കുന്നുണ്ട്. ഞാൻ ഇവിടെ മൂന്നുവർഷം കളിച്ചു,ഈ മൂന്നുവർഷവും ഞാൻ എന്റെ സാലറി കട്ട് ചെയ്തിട്ടുണ്ട്.അതുകൊണ്ടുതന്നെ സ്വാഭാവികമായും ആ പണം തിരികെ എത്തേണ്ടതുണ്ട്. അത് കാണുമ്പോൾ തീർച്ചയായും നമുക്ക് വലുതായി തോന്നും ‘ ഡി യോങ് തുടർന്നു.

‘ ഞാൻ വളരെയധികം ശാന്തനായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ തന്നെ ബാഴ്സയിൽ തുടരാൻ ഞാൻ തീരുമാനിച്ചതാണ്.അതിനുശേഷം ഉള്ള സമയത്തൊന്നും എന്റെ അഭിപ്രായം ഞാൻ മാറ്റിയിട്ടില്ല.പക്ഷേ അതിനുശേഷം എനിക്ക് വലിയ സമ്മർദ്ദം അനുഭവിക്കേണ്ടിവന്നു. പത്രമാധ്യമങ്ങളിൽ നിന്നും പ്രസിഡന്റിൽ നിന്നും എല്ലാ ഭാഗത്തുനിന്നും എനിക്ക് സമ്മർദ്ദങ്ങൾ ഏൽക്കേണ്ടി വന്നു.പക്ഷേ എനിക്ക് ബാഴ്സയിൽ തുടരണമായിരുന്നു, അതുകൊണ്ടുതന്നെ ഈ സമ്മർദ്ദങ്ങൾ ഒരിക്കലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല ‘ ഡി യോങ് പറഞ്ഞു.

ബാഴ്സയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ക്ലബ്ബിൽ തന്നെ തുടരാൻ ഈ ഡച്ച് സൂപ്പർ താരം തീരുമാനിക്കുകയായിരുന്നു. അതേസമയം ഇനി വരുന്ന ട്രാൻസ്ഫർ ജാലകങ്ങളിലും ഒരുപക്ഷേ ഡി യോങ്ങിന് സമ്മർദ്ദങ്ങൾ ഏൽക്കേണ്ടി വന്നേക്കും.

Rate this post