“തോറ്റ മത്സരങ്ങളിൽ പൂർണ്ണമായും മറക്കാൻ കഴിയാത്ത ഒരു മത്സരം മാത്രം”-ലിയോ മെസ്സി |Lionel Messi

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഉൾപ്പെടുന്നവരാണ് ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനും അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സിയും. ഫിഫ ലോകകപ്പ് കിരീടം നേടിയ ഇരുതാരങ്ങളും മറ്റൊരു ലോകകപ്പ് ഫൈനലിൽ കൂടി പരാജയം നേരിട്ടിട്ടുണ്ട്. 2014 ലോകകപ്പിൽ ലിയോ മെസ്സി പരാജയപ്പെട്ടപ്പോൾ 2006ലെ ലോകകപ്പിൽ ആണ് സിദാൻ പരാജയം രുചിക്കുന്നത്.

ഈയിടെ നടന്ന സിനദിൻ സിദാനും ലിയോ മെസ്സിയും തമ്മിലുള്ള ഇന്റർവ്യൂവിൽ രണ്ട് താരങ്ങളും നിരവധി കാര്യങ്ങൾ പങ്കുവെച്ചു. തന്റെ കരിയറിൽ കളിച്ചതിൽ വച്ച് ഏതെങ്കിലും ഒരു മത്സരം വീണ്ടും കളിക്കണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് ലിയോ മെസ്സിയോട് സിദാൻ ചോദിച്ചപ്പോൾ മെസ്സി നൽകിയ ഉത്തരം വളരെ വ്യക്തമായിരുന്നു. 2014 ഫിഫ വേൾഡ് കപ്പ് ഫൈനലിലെ തോൽവി ഇപ്പോഴും തന്റെ മനസ്സിലുണ്ടെന്ന് മെസ്സി പറഞ്ഞു.

“എന്റെ കാര്യത്തിൽ മറ്റൊന്നിനെയും കുറിച്ച് ഞാൻ വിഷമിച്ചിട്ടില്ല, എന്നാൽ 2014 ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഫിഫ വേൾഡ് കപ്പ് കിരീടം നേടിയെങ്കിലും പഴയ വേൾഡ് കപ്പ്‌ ഫൈനൽ തോൽവിയേ പൂർണമായും മറക്കാൻ എനിക്ക് ആവില്ല.” – ലിയോ മെസ്സി പറഞ്ഞു.

“2022 വേൾഡ് കപ്പ്‌ നിങ്ങൾ സ്വന്തമാക്കി, കഥ മാറുകയും അത് പൂർണമാവുകയും ചെയ്തു.” – ലിയോ മെസ്സിയോട് സിദാൻ മറുപടി പറഞ്ഞു. 2014 ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ജർമ്മനിയോട് ആണ് അർജന്റീന പരാജയപ്പെടുന്നത്. ഇഞ്ചുറി ടൈമിൽ മരിയോ ഗോട്സെ നേടുന്ന ഗോളാണ് ജർമ്മനിക്ക് ഫിഫ വേൾഡ് കപ്പ് കിരീടം നേടിക്കൊടുക്കുന്നത്. എന്നാൽ 2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത് ലിയോ മെസ്സിയുടെ അർജന്റീനയാണ്.

1998ലെ ഫിഫ വേൾഡ് കപ്പ് കിരീടം നേടിയ ഫ്രഞ്ച് താരം സിനദിൻ സിദാന് തന്റെ അവസാന ലോകകപ്പായ 2006 ലെ ലോകകപ്പിൽ ഫൈനലിൽ തോറ്റുപോകാൻ ആയിരുന്നു വിധി. കൂടാതെ ഫൈനൽ മത്സരത്തിൽ റെഡ് കാർഡ് വാങ്ങിയാണ് സിദാൻ അവസാന ലോകകപ്പ് മത്സരവും പൂർത്തീകരിച്ചത്. പിന്നീട് പരിശീലക വേഷത്തിൽ എത്തിയ സിദാൻ അതുല്യ നേട്ടങ്ങൾ റയൽ മാഡ്രിഡിൽ കൈവരിച്ചു.