ലയണൽ മെസിയെ അറിയാമെങ്കിലും താരത്തെ എങ്ങിനെ തടുക്കുമെന്നറിയില്ല, നെതർലൻഡ്സ് സൂപ്പർ താരം പറയുന്നു |Qatar 2022

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലുകളിലൊന്നിൽ ഏറ്റുമുട്ടുന്ന രണ്ടു ടീമുകൾ സൗത്ത് അമേരിക്കൻ ടീമായ അർജൻറീനയും യൂറോപ്യൻ ശക്തികളായ നെതർലൻഡ്സുമാണ്. 2014 ലോകകപ്പിന്റെ സെമിയിൽ അർജൻറീനയോടു തോറ്റതിന് പകരം വീട്ടുകയെന്നത് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിന്റെ ലക്ഷ്യമായിരിക്കും. അന്ന് ഹോളണ്ടിന്റെ പരിശീലകനായ മികച്ച തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കഴിവുള്ള ലൂയിസ് വാൻ ഗാൽ തന്നെയാണ് ഈ ലോകകപ്പിലും ഓറഞ്ചു പടയെ നയിക്കുന്നത്.

പ്രതിരോധത്തിൽ മികച്ച താരങ്ങളുള്ള ഹോളണ്ട് അതിനു പ്രാധാന്യം നൽകി പ്രത്യാക്രമണം നടത്തിയാണ് ഈ ലോകകപ്പിൽ കളിക്കുന്നത്. അതേസമയം അർജന്റീനയുടെ പ്രധാന പ്രതീക്ഷ ലയണൽ മെസിയാണ്. ടൂർണമെന്റിൽ മികച്ച പ്രകടനം താരം നടത്തുന്നുമുണ്ട്. മെസിയെ എങ്ങിനെ തടുക്കുമെന്ന കാര്യം അറിയില്ലെന്നാണ് ബാഴ്സലോണയിൽ താരത്തിന്റെ ഒപ്പം കളിച്ചിരുന്ന നെതർലൻഡ്സ് താരം ഫ്രങ്കീ ഡി ജോഗും പറയുന്നത്.

“എനിക്കു മെസിയെ അറിയാം, പക്ഷേ താരത്തെ എങ്ങിനെ തടുക്കുമെന്നറിയില്ല. പതിനഞ്ചു വർഷമായി കളിക്കളത്തിൽ വ്യത്യസം സൃഷ്ടിക്കുന്ന താരത്തെ തടുക്കാൻ ഏതെങ്കിലും ഒരു വഴിയിലൂടെ മാത്രം നടക്കുമെന്നു കരുതുന്നില്ല. ഒരു ടീമായി താരത്തെ തടുക്കാനേ കഴിയൂ. ഞങ്ങൾ ഇതുവരെ മെസേജ് അയച്ചിട്ടില്ല, അതിനു പദ്ധതിയുമില്ല. മത്സരത്തിന്റെ ദിവസം തമ്മിൽ കാണും.” ഡി ജോംഗ് പറഞ്ഞു.

ലയണൽ മെസിയും ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ വാൻ ഡൈക്കും നേർക്കു നേർ വരുന്ന മത്സരം കൂടിയാണ് ഹോളണ്ടിനെതിരെയുളളത്. രണ്ടു ടീമുകളും മികച്ചതാണെങ്കിലും ഏഞ്ചൽ ഡി മരിയക്കു പരിക്കേറ്റു പുറത്തിരിക്കുന്നത് അർജന്റീനക്ക് ആശങ്കയാണ്. വെള്ളിയാഴ്ച രാത്രി 12.30നാണ് മത്സരം.

Rate this post