ടെൻ ഹാഗിന് പറ്റിയ താരമാണ്,സൈൻ ചെയ്യൂ :അർജന്റൈൻ താരത്തെ ചൂണ്ടി പോൾ സ്ക്കോൾസ് പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി കൊണ്ട് എറിക്ക് ടെൻ ഹാഗ് വന്നതിനുശേഷം വലിയ മാറ്റങ്ങളാണ് ക്ലബ്ബിനകത്ത് സംഭവിച്ചത്.മികച്ച പ്രകടനം പുറത്തെടുക്കാൻ മഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ സാധിക്കുന്നുണ്ട്.ഒരു വലിയ ഇടവേളക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടിക്കൊടുക്കാൻ ടെൻ ഹാഗിന് കഴിഞ്ഞിരുന്നു.ലിവർപൂളിനോട് വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും അതൊന്നും ബാധിക്കാതെ മികച്ച രൂപത്തിൽ കളിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ക്ലബ്ബിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടിട്ട് മാസങ്ങൾ പിന്നിട്ട് കഴിഞ്ഞു.ആ സ്ഥാനത്തേക്ക് സ്ഥിരമായി കൊണ്ട് ഒരു മികച്ച സ്ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുണ്ട്.ടോട്ടൻഹാം താരം ഹാരി കെയിൻ,നാപോളിയുടെ മിന്നും സ്ട്രൈക്കർ വിക്ടർ ഒസിമെൻ എന്നിവരെയൊക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നുണ്ട്.പക്ഷേ ഇവരെയൊക്കെ എത്തിക്കാൻ കഴിയുമോ എന്നുള്ളത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്.

ഈ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ പോൾ സ്ക്കോൾസ് തന്റെ ഒരു നിർദ്ദേശം പ്രകടിപ്പിച്ചിട്ടുണ്ട്.അതായത് അർജന്റീനയുടെ മിന്നും സ്ട്രൈക്കറായ ലൗറ്ററോ മാർട്ടിനസിനെ യുണൈറ്റഡ് സൈൻ ചെയ്യണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.എറിക്ക് ടെൻ ഹാഗിന്റെ കേളീശൈലിക്ക് ഏറ്റവും അനുയോജ്യനായ ഒരു താരമാണ് ലൗറ്ററോയെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ബിട്ടി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഈ യുണൈറ്റഡ് ലെജൻഡ്.

‘മാഞ്ചസ്റ്റർ യുണൈറ്റഡിൽ എറിക്ക് ടെൻ ഹാഗിന്റെ കേളി ശൈലിക്ക് ഏറ്റവും അനുയോജ്യനായ സ്ട്രൈക്കറായി കൊണ്ട് എനിക്ക് തോന്നുന്നത് ലൗറ്ററോ മാർട്ടിനസിനെയാണ്.തീർച്ചയായും ഞാൻ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.ടെൻ ഹാഗിന് പറ്റിയ താരമാണ് അദ്ദേഹം.നന്നായി അഗ്രസീവ് ആയി കളിക്കാനും,എതിരാളികളെ നേരിട്ട് നല്ല രൂപത്തിൽ ഓടാനും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു സ്ട്രൈക്കറാണ് ലൗറ്ററോ മാർട്ടിനസ് എന്നാണ് ഞാൻ കരുതുന്നത് ‘പോൾ സ്ക്കോൾസ് പറഞ്ഞു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ദേശീയ ടീമിന് വേണ്ടി പ്രതീക്ഷിച്ച രൂപത്തിൽ കളിക്കാൻ സ്ട്രൈക്കർക്ക് കഴിഞ്ഞിരുന്നില്ല.എന്നിരുന്നാൽ പോലും ഈ സീസണിൽ തകർപ്പൻ പ്രകടനം അദ്ദേഹം തന്റെ ക്ലബ്ബായ ഇന്റർമിലാന് വേണ്ടി നടത്തുന്നുണ്ട്.14 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇറ്റാലിയൻ ലീഗിൽ മാത്രമായി കൊണ്ട് ലൗറ്ററോ കരസ്ഥമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോൾ കോൺട്രിബ്യൂഷൻസും ഇദ്ദേഹം നടത്തിയിട്ടുണ്ട്

Rate this post