ഡിബാല യൂറോപ്പ ലീഗ് ഫൈനലിൽ കളിച്ചേക്കില്ല, മൗറീന്യോ പറയുന്നതിങ്ങിനെ

റോമയെ മനോഹരമായ നേട്ടങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് പരിശീലകനായ മൗറീന്യോ. കഴിഞ്ഞ സീസണിൽ പ്രഥമ കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ടീം സമ്മറിൽ വളരെ ചെറിയ തുകയുടെ ട്രാൻസ്‌ഫറുകൾ മാത്രമാണ് നടത്തിയത്. എങ്കിലും ഈ സീസണിൽ ആറാം സ്ഥാനത്തേക്ക് വരാനും യൂറോപ്പ ലീഗ് ഫൈനലിൽ എത്താനും മൗറീന്യോയുടെ ടീമിന് കഴിഞ്ഞിട്ടുണ്ട്.

തുടർച്ചയായ രണ്ടാമത്തെ സീസണിലും യൂറോപ്യൻ കിരീടം ലക്ഷ്യമിടുന്ന റോമയുടെ ഫൈനലിലെ എതിരാളികൾ സ്‌പാനിഷ്‌ ക്ലബായ സെവിയ്യയാണ്. യൂറോപ്പയുടെ രാജാക്കന്മാരായാണ് സെവിയ്യ അറിയപ്പെടുന്നതെങ്കിലും ഒന്നിലധികം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള മൗറീന്യോയെന്ന പരിശീലകന്റെ തന്ത്രങ്ങൾ അവർക്ക് കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.

എന്നാൽ ഫൈനലിന് മുൻപ് വലിയൊരു തിരിച്ചടി മൗറീന്യോക്കും റോമക്കും വന്നു ചേർന്നിരിക്കുകയാണ്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസിൽ നിന്നും ടീമിലെത്തി പ്രധാന താരമായി മാറിയ അർജന്റീന ഫോർവേഡ് പൗലോ ഡിബാല യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കാനുള്ള സാധ്യതയില്ല. മികച്ച പ്രകടനം നടത്തുന്ന താരത്തിന്റെ അഭാവം റോമക്ക് വലിയ തിരിച്ചടി തന്നെയാണ്.

“ഡിബാല യൂറോപ്പ ലീഗ് ഫൈനലിൽ ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്, ചിലപ്പോൾ താരത്തിന് ബെഞ്ചിലിരിക്കാൻ കഴിഞ്ഞേക്കും. പതിനഞ്ചോ ഇരുപതോ മിനുട്ട് കളിക്കാൻ കഴിയുന്ന തരത്തിൽ താരം പരിക്കിൽ നിന്നും മോചിതനാകുമെന്നാണ് ഞാൻ കരുതുന്നത്, അതെനിക്ക് സന്തോഷം നൽകും. എന്തായാലും ഞങ്ങൾ പരമാവധി നൽകുമെന്ന കാര്യത്തിൽ സംശയമില്ല.” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

റോമയെ സംബന്ധിച്ച് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്കുള്ള വാതിലാണ് യൂറോപ്പ ലീഗ് കിരീടം. നിലവിൽ ലീഗിൽ ആറാം സ്ഥാനത്തു നിൽക്കുന്ന ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയുമെന്ന് ഉറപ്പിക്കാനാവില്ല. അതുകൊണ്ടു തന്നെ കിരീടത്തിനായി റോമ പൊരുതും. എന്നാൽ അതേ സാഹചര്യം നേരിടുന്ന സെവിയ്യയും വിട്ടുകൊടുക്കില്ലെന്നുറപ്പാണ്.

Rate this post