ഒന്നും അവസാനിച്ചിട്ടില്ല, എനിക്ക് ഇനിയും ലക്ഷ്യങ്ങളുണ്ട്, അടുത്ത ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം:എമി മാർട്ടിനസ്

കഴിഞ്ഞ കോപ്പ അമേരിക്കയിൽ അർജന്റീനക്ക് വേണ്ടി അസാധാരണ പ്രകടനം പുറത്തെടുത്തു കൊണ്ട് ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമി മാർട്ടിനസ് സ്വന്തമാക്കിയിരുന്നു.അതിനുശേഷം അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. തനിക്ക് വേൾഡ് കപ്പ് നേടണമെന്നും വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി മാറണം എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.കഴിഞ്ഞ വർഷം എമിലിയാനോ മാർട്ടിനസ് അത് ചെയ്ത് കാണിക്കുകയും ചെയ്തു.

അർജന്റീന വേൾഡ് കപ്പ് നേടിയപ്പോൾ അതിൽ നിസ്തുലമായ പങ്കുവഹിച്ച വ്യക്തിയാണ് ഈ ഗോൾകീപ്പർ.ഹോളണ്ടിനെതിരെയും ഫ്രാൻസിനെതിരെയും നടന്ന പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് ഇദ്ദേഹമായിരുന്നു.കോലോ മുവാനിയുടെ അവസാന സെക്കൻഡിലെ ഷോട്ട് ഈ ഗോൾകീപ്പർ തടഞ്ഞിട്ടത് ഓരോ ആരാധകനും എല്ലാ ദിവസവും ഓർക്കുന്ന ഒരു കാര്യമാണ്.വേൾഡ് കപ്പിന് ശേഷം വിവാദങ്ങളിൽ പെട്ടങ്കിലും അതൊന്നും താരത്തിന്റെ പ്രകടനത്തിന്റെ മാറ്റ് കുറക്കുന്നത് ആയിരുന്നില്ല.

പക്ഷേ എമിലിയാനോ മാർട്ടിനസിന്റെ സ്വപ്നങ്ങൾ ഒന്നും തന്നെ അവസാനിച്ചിട്ടില്ല. തന്റെ അടുത്ത സ്വപ്നം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമാണ് എന്ന് താരം വെളിപ്പെടുത്തിക്കഴിഞ്ഞു.ആസ്റ്റൻ വില്ലക്കൊപ്പം തന്നെ അത് നേടണമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു ഈ കാവൽഭടൻ.

‘ആസ്റ്റൻ വില്ലക്കൊപ്പം കിരീടം നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.പക്ഷേ അത് സങ്കീർണമാണ്.പക്ഷേ എനിക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാനും അത് നേടാനും കഴിയുമെന്നുള്ള ഒരു ഫീലിംഗ് ഉണ്ട്.എനിക്ക് ഇപ്പോഴും കിരീട ദാഹമുണ്ട്.ചാമ്പ്യൻസ് ലീഗ് നേടണം.ആസ്റ്റൻ വില്ലക്കൊപ്പം നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.പക്ഷേ ക്ലബ്ബ് ഇപ്പോഴും വളർച്ച കാലഘട്ടത്തിലാണ്.ദേശീയ ടീമിനൊപ്പം ഏറ്റവും മനോഹരമായ കിരീടം ഞാൻ നേടിക്കഴിഞ്ഞു.ഇനി ഞാൻ ലക്ഷ്യം വെക്കുന്നത് ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട കിരീടമാണ് ‘എമി പറഞ്ഞു.

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ആസ്റ്റൻ വില്ലക്ക് കഴിഞ്ഞിരുന്നില്ല. അടുത്ത തവണയും ഇവർക്ക് യോഗ്യത ലഭിക്കാൻ സാധ്യത കുറവാണ്.എന്തെന്നാൽ നിലവിൽ പ്രീമിയർ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ് ഇവർ തുടരുന്നത്.

Rate this post