ഗോൾ നേടിയ സഹലിനെ അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം “ഹ്യൂമേട്ടൻ”

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ജംഷധ്പൂരിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരിന്റെ ഏഴ് മത്സരങ്ങൾ വിജയിച്ചുകൊണ്ടുള്ള ജൈത്രയാത്രയ്ക്ക് ബ്ലാസ്റ്റേഴ്സ് വിരാമമിട്ടിരിക്കുകയാണ്. ആദ്യ പകുതിയിൽ സഹൽ അബ്ദുൾ സമദ് നേടിയ ഗോളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് വിജയത്തിലെത്തിച്ചത്.

മത്സരത്തിന്റെ 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസ് ഉയര്‍ത്തി നല്‍കിയ പന്തില്‍ ജംഷഡ്‌പൂര്‍ പ്രതിരോധത്തെയും ഗോളി ടിപി രഹ്‌നേഷിനെയും കാഴ്‌ച്ചക്കാരനാക്കി തലയ്‌ക്ക് മുകളിലൂടെ പന്ത് ചിപ് ചെയ്‌ത് വലയിലാക്കുകയായിരുന്നു സഹല്‍ അബ്‌ദുല്‍ സമദ്. ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയ സഹലിനെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സ്‌ട്രൈക്കർ ഇയാൻ ഹ്യൂം .

ട്വിറ്ററിലൂടെയാണ് കനേഡിയൻ സ്‌ട്രൈക്കർ സഹലിന്റെ ഗോളിനെ അഭിനന്ദിച്ചത്. രണ്ടു സ്പെല്ലുകളിലായി കേരള ബ്ലാസ്റ്റേഴ്സിനായി 29 മത്സരങ്ങൾ കളിച്ച ഹ്യൂം 10 ഗോളുകൾ നേടിയിട്ടുണ്ട് . ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് നേടിയ താരം കൂടിയാണ് മലയാളിയേക്കൽ സ്നേഹ പൂർവം “ഹ്യൂമേട്ടൻ” എന്ന് വിളിക്കുന്ന ഇയാൻ ഹ്യൂം. 2014 ലും ,2017 -18 സീസണിലുമാണ് ഹ്യൂം ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയണിഞ്ഞത്. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ എടികെ ക്ക് വേണ്ടിയും പുണെക്ക് വേണ്ടിയും താരം ഇന്ത്യൻ സൂപ്പർ ലീഗിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.

ഇന്നലെ സഹൽ നേടിയ ഗോൾ താരത്തിന്റെ ബോൾ കോൺട്രോളിന്റെയും ,കൗശലത്തിന്റെയും ,ക്ലിനിക്കൽ ഫിനിഷിന്റെയും ഫലമായിരുന്നു. മത്സരത്തിലുടനീളം ജാംഷെഡ്പൂർ പ്രതിരോധത്തെ സഹൽ പരീക്ഷിച്ചു കൊണ്ടിരുന്നു.ഇന്ന് നേടിയ ഗോളോടെ ഒരൊറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇന്ത്യൻ താരമായി സഹൽ അബ്ദുൽ സമദ് മാറി. സി കെ വിനീതിന്റെ റെക്കോർഡ് ആണ് ഇന്നത്തെ ഗോളോടെ സഹൽ മറികടന്നത്. സി കെ വിനീത് ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി അഞ്ചു ഗോളുകൾ നേടിയിരുന്നു.

Rate this post