മെസ്സി കളത്തിലുണ്ടോ, കാര്യങ്ങൾ മാറിമറിയും : താരത്തെ വീണ്ടും പുകഴ്ത്തി പിഎസ്ജി പരിശീലകൻ

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി അവസാന സ്ഥാനക്കാരായ ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്.ക്ലബ്ബിന്റെ ജേഴ്സിയിൽ തിരിച്ചെത്തിയ ലയണൽ മെസ്സി മത്സരത്തിൽ ഗോൾ നേടുകയും ചെയ്തിരുന്നു.നോർഡി മുകിയെലെയായിരുന്നു മെസ്സിയുടെ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത്.

ലയണൽ മെസ്സി ഈ ലീഗ് വണ്ണിൽ നേടുന്ന എട്ടാമത്തെ ഗോൾ ആണ് ഇത്.ഈ സീസണിൽ ക്ലബ്ബിന് വേണ്ടി ആകെ 13 ഗോളുകൾ മെസ്സി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.ഈ വർഷത്തിലെ ആദ്യത്തെ മത്സരത്തിൽ തന്നെ ഗോൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. തുടർച്ചയായ 19ആം വർഷമാണ് ലയണൽ മെസ്സി ഗോൾ നേടുന്നത്. ഇത് എട്ടാംതവണയാണ് മെസ്സി വർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ കരസ്ഥമാക്കുന്നത്.

ഗോളുമായി കളത്തിലേക്ക് തിരിച്ചെത്തിയ ലയണൽ മെസ്സിയെ ഇപ്പോൾ അവരുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ പുകഴ്ത്തിയിട്ടുണ്ട്.അതായത് ലയണൽ മെസ്സി കളത്തിൽ ഉണ്ടെങ്കിൽ കാര്യങ്ങൾ പലതിലും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഇപ്പോൾ പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ നമ്മൾ ഇപ്പോൾ കണ്ടതാണല്ലോ, തീർച്ചയായും ലയണൽ മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം.അദ്ദേഹം കളിക്കാൻ വേണ്ടി വളരെയധികം ആകാംക്ഷയോടെ കൂടി കാത്തിരിക്കുകയായിരുന്നു.നല്ല രൂപത്തിൽ അദ്ദേഹം തയ്യാറെടുത്തിരുന്നു. തീർച്ചയായും ലയണൽ മെസ്സി കളത്തിൽ ഉണ്ടെങ്കിൽ പിന്നീട് ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. അദ്ദേഹം വളരെ ശാന്തനായിരുന്നു. തന്റെ കരിയറിൽ മിസ്സിംഗ് ആയിരുന്ന ആ ഒരു കിരീടം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് ‘ ഇതാണ് ക്ലബ്ബിന്റെ പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.വേൾഡ് കപ്പ് കിരീടനേട്ടത്തിന് പുറമേ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഇപ്പോൾ ക്ലബ്ബുമായി തന്റെ കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് മെസ്സി ഉള്ളത്.