‘ജപ്പാൻ ,ഇറാൻ അല്ലെങ്കിൽ സൗദി അറേബ്യ പോലെ ഉയർന്ന റാങ്കിലുള്ള എതിരാളികൾക്കെതിരെ കളിക്കണം’ : സുനിൽ ഛേത്രി
ഏകദേശം രണ്ട് പതിറ്റാണ്ടായി ഇന്ത്യയെ ഫുട്ബോളിനെ പ്രതിനിധീകരിക്കുന്ന താരമാണ് സുനിൽ ഛേത്രി. 38 കാരൻ ഇന്ത്യയിൽ ഏറ്റവും മികച്ച ഫോമിലൂടെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ത്രിരാഷ്ട്ര കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, സാഫ് ചാമ്പ്യൻഷിപ്പ് എന്നിവയ്‌ക്കൊപ്പം 2023-ൽ ഇന്ത്യൻ ടീമിനെ 11 മത്സരങ്ങളുടെ അപരാജിത കുതിപ്പിലേക്ക് നയിച്ച സുനിൽ ഛേത്രി സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ തായ്‌ലൻഡിൽ നടക്കുന്ന കിംഗ്‌സ് കപ്പിലും മലേഷ്യയിലെ മെർദേക്ക കപ്പിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രധാനമായും അടുത്ത വർഷം ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യ കളിക്കുന്നത്.സമീപകാലത്തെ മികച്ച പ്രകടനങ്ങൾ ടീമിന്റെ ആത്മവിശ്വാസത്തെ സഹായിക്കുമെന്ന് സുനിൽ ഛേത്രി വിശ്വസിക്കുന്നു.
ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന് മുന്നോടിയായി ടീമിന് ആവശ്യത്തിന് പരിശീലനം ലഭിക്കണമെന്നും നാല് ആഴ്ചയെങ്കിലും നീണ്ടു നിൽക്കുന്ന ക്യാമ്പ് വേണമെന്നും ഛേത്രി ആവശ്യപ്പെട്ടു.എഎഫ്‌സി ഏഷ്യൻ കപ്പിന് മുന്നോടിയായി ഉയർന്ന റാങ്കിലുള്ള എതിരാളികൾക്കെതിരെ കളിക്കുന്നത് അവരുടെ തയ്യാറെടുപ്പ് അളക്കാൻ മാത്രമല്ല വരാനിരിക്കുന്ന കഠിനമായ പരീക്ഷണത്തിന് തയ്യാറെടുക്കാനും ഇന്ത്യയെ സഹായിക്കുമെന്ന് ഛേത്രി പറഞ്ഞു.
ഇറാൻ, ജപ്പാൻ അല്ലെങ്കിൽ സൗദി ടീമുകളുമായി സൗഹൃദ മത്സരം സംഘടിപ്പിക്കണം. ഏഷ്യൻ ഫുട്ബോൾ റാങ്കിങ്ങിൽ ആദ്യ ഏഴ് സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾക്കെതിരെയാവണം മത്സരമെന്നും ഛേത്രി പറഞ്ഞു.“ഞങ്ങളുടേത് പോലുള്ള ഒരു ടീമിന് പ്രത്യേകിച്ച് ഏഷ്യൻ കപ്പിൽ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ തുടങ്ങിയ ടീമുകളെ നേരിടുമെന്ന് ഞങ്ങൾക്കറിയാം, ദൈർഘ്യമേറിയ ക്യാമ്പുകൾ എല്ലായ്പ്പോഴും സഹായകമാകും”.
“ഐഎസ്എല്ലിൽ കളിക്കുമ്പോൾ അവർ ഒരു നിശ്ചിത നിലവാരത്തിലാണ് കളിക്കുന്നത്.എന്നാൽ സത്യസന്ധമായി പറയട്ടെ ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോൾ കടുത്ത മത്സരം ഉണ്ടാവും അവർ രണ്ടോ അതിലധികം ലെവലുകൾ ഉയർന്നതാണ്.അതുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് വന്ന് പരിശീലിപ്പിക്കുമ്പോൾ, അത് അൽപ്പം സഹായിക്കുമെന്ന് പറയുന്നത്.അതുകൊണ്ടാണ് ഞങ്ങൾക്ക് ദൈർഘ്യമേറിയ ക്യാമ്പുകൾ ആവശ്യമായി വരുന്നത്, കൂടാതെ ഏഷ്യയിലെ ചില മുൻനിര ടീമുകൾക്കെതിരെ 2-3 സൗഹൃദ മത്സരങ്ങൾ കളിക്കണം,” ഛേത്രി കൂട്ടിച്ചേർത്തു.
ജനുവരിയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിലേക്ക് അവരുടെ സമീപകാല പ്രകടനങ്ങൾ മെച്ചപ്പെടുത്താനും ശക്തമായ ഫോം കൊണ്ടുവരാനുമാണ് ഇന്ത്യൻ ദേശീയ ടീം ലക്ഷ്യമിടുന്നത്. സുനിൽ ഛേത്രിയും സംഘവും വരാനിരിക്കുന്ന മത്സരങ്ങൾക്കായി ആകാംക്ഷയോടെ തയ്യാറെടുക്കുകയാണ്.