‘ ഞാനൊരു മന്ത്രികനല്ല ,എന്റെ കയ്യിൽ മാന്ത്രിക വടിയുമില്ല’ : സിറിയയുമായുള്ള തോൽവിക്ക് ശേഷം ഇഗോർ സ്റ്റിമാക് | Igor Stimac

ഒരു മത്സരം പോലും വിജയിക്കാതെ ഒരു ഗോള്‍ പോലുമടിക്കാതെ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്തായത്. ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരോട് തുടർച്ചയായി മൂന്ന് തോൽവികളാണ് ഇന്ത്യ വഴങ്ങിയത്. ഒരു പോയിന്റ് പോലും നേടാതെ ഗ്രൂപ്പ് അവസാന സ്ഥാനക്കാരായാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്ത് പോയത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിറിയയ്‌ക്കെതിരായ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. മുന്‍ അല്‍ ഹിലാല്‍ താരം ഖബ്രിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്.ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ ഉസ്ബക്കിസ്ഥാനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യ തോൽക്കുകയായിരുന്നു. അതിനുശേഷം ഇന്നലെ സിറിയയോട് പരാജയപ്പെടുകയും ചെയ്തു.ഈ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് ഇന്ത്യ വഴങ്ങിയത്.ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. നിരാശരായ ഇന്ത്യൻ ആരാധകർ പരിശീലകൻ ഇഗോർ സ്ടിമാക്കിനെതിരെ തിരിയുകയും അദ്ദേഹത്തെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ടീമിന്റെ പ്രകടനത്തെ പുനരുജ്ജീവിപ്പിക്കാൻ നേതൃമാറ്റം വേണമെന്ന് ആരാധകർ ആവശ്യപ്പെടുന്നത്.”എന്റെ കയ്യിൽ മാന്ത്രിക വടിയില്ല, ഞാൻ ഒരു മാന്ത്രികനല്ല,” അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇഗോർ സ്റ്റിമാക് പറഞ്ഞു. “ഞാൻ കഠിനാധ്വാനിയായ ആളാണ്, കാര്യങ്ങൾ മാറ്റി മറിക്കാനും ക്ഷമയോടെയിരിക്കാനും നിങ്ങളോട് ആവശ്യപ്പെടുന്നു. ഫുട്ബോളിലെ നല്ല കാര്യങ്ങൾ ഒറ്റരാത്രികൊണ്ട് സംഭവിക്കില്ല. 12 മാസത്തിനുള്ളിൽ ഞാൻ ഇന്ത്യയെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മൂന്നാം റൗണ്ടിലെത്തിക്കും.അത് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു ” ഇഗോർ സ്റ്റീമക്ക് പറഞ്ഞു.

“ഇത് ഞങ്ങൾക്ക് ഒരു നല്ല പഠനാനുഭവമായിരുന്നു.കാരണം മൊത്തത്തിൽ മൂന്ന് ഗെയിമുകളിൽ ഞങ്ങൾക്ക് ഈ തലത്തിൽ മത്സരിക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു.ഇന്ത്യൻ കളിയിൽ മിസ്സിംഗ് പോയിന്റുകൾ എന്താണെന്ന് എല്ലാവരും കാണുന്നുണ്ട് , ഗോളുകൾ നേടുന്നത്, ടീമിൽ നല്ല ഗോൾ സ്‌കോറർമാരുടെ അഭാവമുണ്ട് .ഗോളിന് മുന്നിൽ ആത്മവിശ്വാസമുള്ള കളിക്കാർ വേണം ” പരിശീലകൻ പറഞ്ഞു.മാർച്ച് 21, 26 തീയതികളിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ബ്ലൂ ടൈഗേഴ്‌സ് അടുത്തതായി അഫ്ഗാനിസ്ഥാനുമായി കളിക്കും.

Rate this post