മെസ്സി വരുമോ? അർജന്റീനയിലെ സുഹൃത്തുക്കളെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നുണ്ട് : വെളിപ്പെടുത്തലുമായി എമി മാർട്ടിനസ്

ഈ സീസണിൽ അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത് ക്ലബ്ബിലെ പ്രകടനത്തിന്റെ പേരിലായിരുന്നു.സ്റ്റീവൻ ജെറാർഡിന് കീഴിൽ ആസ്റ്റൻ വില്ല വളരെ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.അതുകൊണ്ടുതന്നെ എമിക്കും അതിന്റെ പഴി കേൾക്കേണ്ടിവന്നു.ഇതോടെ താരത്തെക്കുറിച്ച് ഒരുപാട് റൂമറുകൾ പ്രചരിക്കുകയും ചെയ്തു.ഈ സീസണിൽ ശേഷം എമിലിയാനോ മാർട്ടിനസ് ക്ലബ്ബ് വിടും എന്ന തരത്തിലായിരുന്നു വാർത്തകൾ.

പക്ഷേ വില്ലയുടെ പുതിയ പരിശീലകനായി കൊണ്ട് ഉനൈ എംരി വന്നതോടുകൂടി സ്ഥിതിഗതികൾ എല്ലാം മാറിമറിഞ്ഞിട്ടുണ്ട്.അസാധാരണമായ പ്രകടനമാണ് ഇപ്പോൾ വില്ല പുറത്തെടുക്കുന്നത്.അവസാനമായി കളിച്ച പത്ത് മത്സരങ്ങളിൽ ഒരു മത്സരത്തിൽ പോലും അവർ പരാജയം അറിഞ്ഞിട്ടില്ല.പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാൻ അവർക്ക് കഴിഞ്ഞു.ഗോൾകീപ്പറായ മാർട്ടിനസ് കഴിഞ്ഞ രണ്ട് മാസത്തിനിടെ കേവലം രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

ഇങ്ങനെ ക്ലബ്ബിൽ മികച്ച രൂപത്തിൽ പോകുന്ന എമി താൻ വളരെയധികം ഹാപ്പിയാണെന്നും ക്ലബ്ബിൽ തന്നെ തുടരും എന്നുമുള്ള കാര്യം ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.മാത്രമല്ല തന്റെ അർജന്റൈൻ സഹതാരങ്ങളെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ താൻ ശ്രമിക്കുന്നുണ്ടെന്നും ഈ ഗോൾകീപ്പർ അറിയിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

‘ആസ്റ്റൻ വില്ല എന്നുള്ളത് ഒരു വലിയ ക്ലബ്ബ് തന്നെയാണ്.ഈ ക്ലബ്ബിന് വേണ്ടി കളിക്കുന്നതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്.ഇവിടം ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.അർജന്റീനയിലെ എന്റെ സുഹൃത്തുക്കളെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ഞാനിപ്പോൾ ശ്രമിക്കുന്നുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം ഈ ക്ലബ്ബ് വീട് പോലെയാണ് ‘എമി പറഞ്ഞു.

ഇതോടെ എമി ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്.അതേസമയം ചില ആസ്റ്റൻ വില്ല ആരാധകർ ഈ ഗോൾകീപ്പറോട് ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ലയണൽ മെസ്സിയെ തന്നെ ക്ലബ്ബിലേക്ക് എത്തിക്കണം എന്നാണ് ആരാധകരുടെ ആവശ്യം.മെസ്സിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എമി മാർട്ടിനസ്.പക്ഷേ മെസ്സിയെ എത്തിക്കാനുള്ള സാമ്പത്തികപരമായ ശേഷി നിലവിൽ വില്ല ക്ലബ്ബിനുണ്ടോ എന്നുള്ളത് സംശയകരമായ കാര്യമാണ്.

Rate this post
Lionel Messi