❛❛ആരാധാകരാണ് ടീമിന്റെ ശക്തി മലയാളത്തിൽ ആരാധകരുടെ പിന്തുണ തേടി ആഷിക്കും സഹലും❜❜

ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യൻ കപ്പ് ചാംപ്യൻഷിപ്പിനുള്ള യോഗ്യത മത്സരത്തിൽ ഇന്ത്യ റാങ്കിംഗിൽ 171-ാം സ്ഥാനത്തുള്ള കംബോഡിയയെ നേരിടും.2021 ഒക്‌ടോബർ 16-ന് നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേപ്പാളിനെതിരെ 3-0 ന് ജയിച്ചതിനു ശേഷം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഒരു മത്സരം ജയിച്ചിട്ട് ഏഴ് മാസത്തിലേറെയായി. ഇതിനൊരു അറുതി വരുത്താനാണ് സുനിൽ ഛേത്രിയും സംഘവും ഇന്നിറങ്ങുന്നത്. രാത്രി 8 .30 നാണു മത്സരം ആരംഭിക്കുന്നത്.

സുനിൽ ഛേത്രിക്ക് പിന്നാലെ ആരാധകരോട് പിന്തുണ തേടി എത്തിയിരിക്കുകയാണ് ടീമിലെ മലയാളി താരങ്ങളും. യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി ആരാധകരുടെ പിന്തുണ തേടി സഹൽ അബ്ദുൾ സമദും, ആഷിഖ് കുരുണിയനും ഇന്ത്യന്‍ ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ രംഗത്തെത്തി. മലയാളത്തിലാണ് താരങ്ങളുടെ അഭ്യര്‍ഥന എന്നതും ശ്രദ്ധേയം. ഇന്ത്യൻ ടീമിൽ ഇത്തവണ രണ്ടു മലയാളി താരങ്ങളാണ് ഇടം നേടിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ചാംപ്യൻസിപ്പിന്റെ യോഗ്യത മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിന് എല്ലാവരുടെയും പിന്തുണ പ്രാർത്ഥനയും വേണം , ആരാധാകരാണ് ടീമിന്റെ ശക്തിയെന്നും ഇരുവരും പറഞ്ഞു. ആരാധകരുടെ വലിയ പിന്തുണയാണ് ടീമിനെ കൂടുതൽ മുന്നോട്ട് നയിക്കുനന്നതെന്നും പറഞ്ഞു. കളി സ്റ്റേഡിയത്തിലേക്ക് എത്തണമെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേരത്തെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ‘ഗാലറിയില്‍ ആരാധകരുടെ ആരവവും പിന്തുണയും ഉണ്ടെങ്കില്‍ കളി മാറും. ഇന്ത്യയെ ഏഷ്യന്‍ കപ്പിലേക്ക് നയിക്കാന്‍ ആരാധകരുടെ സാന്നിധ്യം ഉണ്ടാകണം’ എന്നായിരുന്നു ഛേത്രിയുടെ വാക്കുകള്‍.

ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങൾക്കായി ഇന്ത്യയടക്കം 24 ടീമുകളാണ് മത്സരിക്കുന്നത് . ആറ് ഗ്രൂപ്പ് ചാമ്പ്യൻമാരും അ‍ഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. പതിമൂന്ന് ടീമുകൾ ഇതിനോടകം ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ ശിക്ഷണത്തിൽ ഇന്ത്യയുടെ റെക്കോർഡ് വളരെ പരിതാപകരമാണ്. ആകെ കളിച്ച 20 മത്സരങ്ങളിൽ ജയിച്ചത് ആറിൽ മാത്രം. ഏഴ് സമനിലയും ഏഴ് തോൽവിയും നേരിട്ടു. അവസാന മൂന്ന് സന്നാഹ മത്സരത്തിലും ഇന്ത്യ തോൽവി നേരിട്ടു

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, ലക്ഷ്മികാന്ത് കട്ടിമണി, അമരീന്ദർ സിംഗ്.
ഡിഫൻഡർമാർ: രാഹുൽ ഭേകെ, ആകാശ് മിശ്ര, ഹർമൻജോത് സിംഗ് ഖബ്ര, റോഷൻ സിംഗ്, അൻവർ അലി, സന്ദേശ് ജിംഗൻ, സുഭാഷിഷ് ബോസ്, പ്രീതം കോട്ടാൽ
മിഡ്ഫീൽഡർമാർ: ജീക്‌സൺ സിംഗ്, അനിരുദ്ധ് ഥാപ്പ, ഗ്ലാൻ മാർട്ടിൻസ്, ബ്രാൻഡൻ ഫെർണാണ്ടസ്, ഋത്വിക് ദാസ്, ഉദാന്ത സിംഗ്, സാഹൽ, യാസൽ അബ്ദുൾ സമദ്, സുരേഷ് വാങ്ജാം, ആഷിഖ് കുരുണിയൻ, ലിസ്റ്റൺ കൊളാക്കോ
ഫോർവേഡ്സ്: ഇഷാൻ പണ്ഡിറ്റ, സുനിൽ ഛേത്രി, മൻവീർ സിംഗ്

Rate this post