മൂന്ന് മലയാളികൾ ടീമിൽ , ലോകകപ്പ് 2026 യോഗ്യതാ പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു | Indian Football

ഭുവനേശ്വറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ ക്യാമ്പിലേക്കുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്.കുവൈത്തിനും ഖത്തറിനും എതിരായ പ്രാഥമിക സംയുക്ത യോഗ്യതാ റൗണ്ട് 2 മത്സരങ്ങൾക്കായാണ് ക്യാമ്പ് നടക്കുന്നത്. രണ്ടാമത്തെ സാധ്യതാ പട്ടിക ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കും.

മെയ് 10 ന് ഒഡീഷ തലസ്ഥാനത്ത് ഇന്ത്യ പരിശീലന ക്യാമ്പ് ആരംഭിക്കും. ഗ്രൂപ്പ് എയിലെ അവസാന രണ്ട് മത്സരങ്ങളിൽ ജൂൺ 6 ന് കൊൽക്കത്തയിൽ കുവൈറ്റിനെ നേരിടുന്ന ഇന്ത്യ ജൂൺ 11 ന് ദോഹയിൽ ഖത്തറിനെയുംനേരിടും.നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുമായി നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകൾ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് 3-ലേക്ക് യോഗ്യത നേടുകയും AFC ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027-ൽ ബർത്ത് ബുക്ക് ചെയ്യുകയും ചെയ്യും.

ഇപ്പോൾ പ്രഖ്യാപിച്ച ടീമിൽ മൂന്നു മലയാളി താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിബിൻ മോഹനൻ ,രാഹുൽ കെപി എന്നിവർക്കൊപ്പം നോർത്ത് ഈസ്റ്റ് താരം ജിതിൻ എംഎസും ടീമിൽ ഇടം കണ്ടെത്തി. ഐഎസ്എൽ ഫൈനൽ കളിക്കുന്നതിനാൽ മോഹൻ ബഗാൻ മുംബൈ ക്ലബ്ബുകളിലെ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു.

ഡിഫൻഡർമാർ: അമേയ് ഗണേഷ് റണവാഡെ, ജയ് ഗുപ്ത, ലാൽചുങ്‌നുംഗ, മുഹമ്മദ് ഹമ്മദ്, നരേന്ദർ, നിഖിൽ പൂജാരി, റോഷൻ സിംഗ് നൗറെം.

മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ്, എഡ്മണ്ട് ലാൽറിൻഡിക, ഇമ്രാൻ ഖാൻ, ഇസക് വൻലാൽറുത്ഫെല, ജീക്‌സൺ സിംഗ് തൗണോജം, മഹേഷ് സിംഗ് നൗറെം, മുഹമ്മദ് യാസിർ, നന്ദകുമാർ സെക്കർ, രാഹുൽ കണ്ണോലി പ്രവീൺ, സുരേഷ് സിംഗ് വാങ്ജാം, വിബിൻ മോഹനൻ.

ഫോർവേഡ്സ്: ഡേവിഡ് ലാൽലൻസംഗ, ജിതിൻ മടത്തിൽ സുബ്രൻ, ലാൽറിൻസുവാല, പാർഥിബ് സുന്ദർ ഗൊഗോയ്, റഹീം അലി, സുനിൽ ഛേത്രി.

Rate this post