അന്താരാഷ്‌ട്ര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി | Sunil Chhetri

ജൂൺ 6 ന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഛേത്രി.ദേശീയ ടീം ക്യാപ്റ്റൻ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തൻ്റെ തീരുമാനം പങ്കുവെച്ചു. ഇന്ത്യക്കായി 145 മത്സരങ്ങൾ കളിച്ച ഛേത്രി 20 വർഷത്തെ കരിയറിൽ 93 ഗോളുകൾ നേടിയിട്ടുണ്ട്.

‘ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ദിവസം ഞാനിപ്പോഴും ഓർക്കുന്നു. ദേശീയ ജേഴ്‌സി കൈകളിൽ കിട്ടിയ ഉടനെ ഞാൻ അതിൽ പെർഫ്യൂം പുരട്ടി സൂക്ഷിച്ചുവെച്ചു. ടീമിനൊപ്പമുള്ള കഴിഞ്ഞ 19 വർഷങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. പ്രഭാതഭക്ഷണം മുതൽ ഉച്ചഭക്ഷണം വരെയും കളി വരെയും എൻ്റെ അരങ്ങേറ്റത്തിലെ ആദ്യ ഗോൾ വരെയും 80-ാം മിനിറ്റിൽ വഴങ്ങിയത് വരെയും സംഭവിച്ചതെല്ലാം, ആ ദിവസം ഞാൻ ഒരിക്കലും മറക്കാത്തതും എൻ്റെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ്.ഇത്രയും കാലം കളിക്കാൻ കഴിയുമെന്ന് കരുതിയില്ല. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവർക്കും നന്ദി’ ഛേത്രി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

മാർച്ചിൽ ഇന്ത്യക്കായി തൻ്റെ 150-ാം മത്സരം കളിച്ച ഛേത്രി അഫ്ഗാനിസ്ഥാനെതിരെ ഗുവാഹത്തിയിൽ ഗോൾ നേടിയിരുന്നു. എന്നാൽ ആ കളി ഇന്ത്യ 1-2ന് തോറ്റു.ഇന്ത്യയുടെ എക്കാലത്തെയും ടോപ് സ്‌കോററും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമായി അദ്ദേഹം രംഗം വിടും. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും പിന്നിൽ സജീവ കളിക്കാരിൽ ഗോൾ സ്കോറർമാരുടെ പട്ടികയിൽ മൂന്നാമതാണ് ഛേത്രി.

2011-ൽ അർജുന അവാർഡും 2019-ൽ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും ഛേത്രി നേടിയെടുത്തു. അന്താരാഷ്ട്ര വേദിയിൽ, 2008 ലെ AFC ചലഞ്ച് കപ്പ്, 2011, 2015 ലെ സാഫ് ചാമ്പ്യൻഷിപ്പ്, 2007, 2009, 2012 ലെ നെഹ്‌റു കപ്പ്, 2017 ലെ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് എന്നിവയിൽ കിരീടം നേടിയ ഇന്ത്യൻ ടീമുകളുടെ ഭാഗമാണ് ഛേത്രി.

അടുത്ത മാസം ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരത്തിലേക്ക് കടക്കുമ്പോൾ, ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ നാല് പോയിൻ്റുമായി ഇന്ത്യ നിലവിൽ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. 3 പോയിൻ്റുമായി കുവൈറ്റ് നാലാമതാണ്.

Rate this post