അവസാനം അനുമതി ലഭിച്ചു : ഇന്ത്യൻ ഫുട്ബോൾ ടീമുകൾ ഏഷ്യൻ ഗെയിംസിൽ കളിക്കും |Indian Football

2023 സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ പുരുഷ-വനിതാ ഫുട്ബോൾ ടീമുകൾക്ക് അനുമതി ലഭിച്ചു. ഏഷ്യൻ ഗെയിംസിൽ ഇരു ടീമുകളുടെയും പങ്കാളിത്തം സുഗമമാക്കുന്നതിന് നിയമങ്ങളിൽ ഇളവ് വരുത്താൻ തന്റെ മന്ത്രാലയം തീരുമാനിച്ചതായി കായിക മന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിൽ ക്കുറിച്ചു.

“നിലവിലുള്ള മാനദണ്ഡമനുസരിച്ച് യോഗ്യത നേടാത്ത രണ്ട് ടീമുകളുടെയും ഏഷ്യൻ ഗെയിംസ് പങ്കാളിത്തം സുഗമമാക്കുന്നതിന് നിയമങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യാ ഗവൺമെന്റിന്റെ യുവജനകാര്യ, കായിക മന്ത്രാലയം തീരുമാനിച്ചു,” അനുരാഗ് താക്കൂർ ജൂലൈ 26 ബുധനാഴ്ച ട്വിറ്ററിൽ പറഞ്ഞു.“അടുത്ത കാലത്തെ അവരുടെ ഏറ്റവും പുതിയ പ്രകടനങ്ങൾ കണക്കിലെടുത്താണ് മന്ത്രാലയം ഇളവ് നൽകാൻ തീരുമാനിച്ചത്.ഏഷ്യൻ ഗെയിംസിൽ അവർ തങ്ങളുടെ ഏറ്റവും മികച്ച കാൽവെയ്പ്പ് നടത്തുമെന്നും നമ്മുടെ രാജ്യത്തിന് അഭിമാനമാകുമെന്നും എനിക്ക് ഉറപ്പുണ്ട്” അദ്ദേഹം കൂട്ടിചെർത്തു.

ഏഷ്യൻ ഗെയിംസിൽ ടീമിനെ പരിശീലിപ്പിക്കുന്ന ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്, ടീമിനെ മത്സരിക്കാൻ അനുവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കായിക മന്ത്രി അനുരാഗ് താക്കൂറിന്റെയും ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.2018-ൽ ജക്കാർത്തയിൽ നടക്കുന്ന ഗെയിംസിൽ ഇന്ത്യക്ക് കളിയ്ക്കാൻ സാധിച്ചിരുന്നില്ല.2014-ന് ശേഷം ആദ്യമായി ഇന്ത്യൻ ടീം ഇപ്പോൾ ഏഷ്യൻ ഗെയിംസിൽ കളിക്കും.ഏഷ്യൻ ഗെയിംസിൽ അണ്ടർ 23 ടീമുകളാണ് മത്സരിക്കുന്നത്.അതിനു മുകളിലുള്ള മൂന്ന് കളിക്കാരും ഒരു ടീമിൽ അനുവദനീയമാണ്.

ഏഷ്യൻ ഗെയിംസിലേക്ക് ടീമുകളെ അയക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) കഴിഞ്ഞ ആഴ്ച ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഏറെ അനിശ്ചിതത്വത്തിന് ശേഷം അതിൽ മാറ്റം വന്നിരിക്കുകയാണ്.ഇന്ത്യൻ പുരുഷ ടീം ഏഷ്യയിൽ 18-ാം സ്ഥാനത്തും വനിതാ ടീം 11-ാം സ്ഥാനത്തുമാണ്.ചൈനയിലെ ഹാങ്‌സൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 23-ന് ആരംഭിച്ച് ഒക്ടോബർ 8 വരെ നീളും.1951ലും 1962ലും ഏഷ്യൻ ഗെയിംസിൽ പുരുഷ ടീം രണ്ട് സ്വർണവും 1970ൽ ഒരു വെങ്കലവും നേടിയിട്ടുണ്ട്.