കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ടീമും ഏറ്റുമുട്ടുന്നു, ആവേശത്തോടെ ആരാധകർ |Kerala Blasters

ഇന്ത്യന്‍ ദേശിയ ‌ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിനെതിരെ സൗഹൃദ മത്സരം കളിക്കാനായി ഒരുങ്ങുന്നു.മത്സരത്തിന്റെ തീയതി ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹോ.കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഈ വമ്പന്‍ പോരാട്ടം.

സെപ്റ്റംബര്‍ 18, 19 തീയതികളില്‍ മത്സരം നടക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.നേരത്തെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച്ചും കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബ്‌ പരിശീലകനായ ഇവാൻ വുകോമാനോവിച്ചും ഈ സൗഹൃദ മത്സരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.ഐ എസ് എല്‍ 2022 – 2023 സീസണിനു മുന്നോടിയായി ആയിരിക്കും കൊച്ചിയില്‍ ഇന്ത്യ x കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി പോരാട്ടം അരങ്ങേറുക.

സെപ്റ്റംബറില്‍ കേരളത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് പരിശീലകൻ‌ ഇഗോര്‍ സ്റ്റിമാക്ക്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ദേശിയ ടീം പരിശീലകൻ സ്റ്റിമാക്കിനോട് കേരള ബ്ലാസ്റ്റേഴ്‌സുമായി കേരളത്തിൽ വച്ചൊരു സൗഹൃദ മത്സരം നടത്താം എന്ന ആശയം മുന്നോട്ട് വച്ചത് കഴിഞ്ഞ മാസങ്ങളിൽ വലിയ വാർത്ത ആയിരുന്നു.ഈ മാസം ഓഗസ്റ്റ് അവസാനത്തോടെയാണ് യുഎഇയിൽ വച്ചുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ മത്സരങ്ങള്‍ അവസാനിക്കുക. ശേഷം കൊച്ചിയിലേക്ക് മടങ്ങി എത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ടീമുമായി കളിക്കുക.

ഇതുവരെ 33 മത്സരങ്ങളാണ് കേരളത്തിൽ ഇന്ത്യ കളിച്ചത്. ഏഴു ജയവും 22 തോൽവിയും നാലെണ്ണത്തിൽ സമനിലയും നേടിയിട്ടുണ്ട്. കൊച്ചിയിലെ മഹാരാജ കോളേജ് ഗ്രൗണ്ടിൽ പാകിസ്ഥാനെതിരെയായിരുന്നു അവരുടെ ആദ്യ മത്സരം, അവർ 1-0 മാർജിനിൽ വിജയിച്ചു.കേരളത്തിൽ 22 തവണ തോറ്റെങ്കിലും, കഴിഞ്ഞ തവണ അവർ സംസ്ഥാനത്ത് കളിച്ചപ്പോൾ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഫ്ഗാനിസ്ഥാനെ 2-1 ന് പരാജയപ്പെടുത്തി വെള്ളി നേടിയിരുന്നു.