ഇനിയും കൈകൊണ്ട് ഇംഗ്ലണ്ടിനെതിരെ ഗോൾ നേടണം,പക്ഷെ ചെറിയ മാറ്റമുണ്ട്, തന്റെ ആഗ്രഹം വെളിപ്പെടുത്തി മറഡോണ.

ഡിയഗോ മറഡോണയുടെ ദൈവത്തിന്റെ കൈ ഫുട്ബോൾ ലോകത്ത് ഏറെ പ്രശസ്തമാണ്. 1986-ലെ വേൾഡ് കപ്പിൽ ഇംഗ്ലണ്ടിനെതിരെ മറഡോണയുടെ ഇടതുകൈ കൊണ്ടുള്ള ഗോളാണ് അർജന്റീനയെ മുന്നേറാൻ സഹായിച്ചത്. ആ വേൾഡ് കപ്പിൽ അർജന്റീന കിരീടം നേടുകയും ചെയ്തിരുന്നു. ഏറെ വിമർശനങ്ങൾ കേട്ടിരുന്നുവെങ്കിലും പിന്നീട് അത് ദൈവത്തിന്റെ കൈ എന്ന പേരിൽ അറിയപ്പെട്ടു.

എന്നാൽ ഒരിക്കൽ കൂടി ഇംഗ്ലണ്ടിനെതിരെ കൈ കൊണ്ട് ഗോളടിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് മറഡോണ. തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് മറഡോണ തമാശരൂപേണ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ” ഇംഗ്ലണ്ടിനെതിരെ ഒരു കൈകൊണ്ട് ഒരു ഗോൾ കൂടെ നേടുക എന്നതാണ് എന്റെ സ്വപ്നം. പക്ഷെ ഇത്തവണ അത് വലതു കൈകൊണ്ടായിരിക്കണം ” മറഡോണ പറഞ്ഞു.

ഈ വരുന്ന വെള്ളിയാഴ്ച താരത്തിന്റെ അറുപതാം പിറന്നാളാണ്.അതിനുള്ള ഒരുക്കങ്ങളിലാണ് താരം. അതേസമയം താൻ നാപോളിയിൽ നിന്ന് ഫ്രഞ്ച് ക്ലബായ മാഴ്‌സെയിലേക്ക് എത്തുന്നതിന്റെ വക്കിലെത്തിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാഴ്‌സെ തനിക്ക് ഇരട്ടിശമ്പളം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ നാപോളി പ്രസിഡന്റ്‌ തന്നോട് മിണ്ടാതായതോടെ ഞാൻ ആ നീക്കത്തിൽ നിന്ന് പിന്മാറുകയുമായിരുന്നുവെന്നും മറഡോണ കൂട്ടിച്ചേർത്തു.

” ഞാൻ നാപോളിയിൽ കളിക്കുന്ന സമയത്ത് എനിക്ക് ഇരട്ടി സാലറി വാഗ്ദാനം ചെയ്തു കൊണ്ട് മാഴ്സെയിൽ നിന്നും ഓഫർ വന്നിരുന്നു. ഇക്കാര്യം പ്രസിഡന്റിനോട്‌ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് യുവേഫ കപ്പ് എടുത്താൽ വിടാമെന്നാണ്. പിന്നീട് ഞാനും മാഴ്സെ അധികൃതരും തമ്മിൽ മിലാനിൽ വെച്ച് നേരിട്ട് ഒരു യോഗം നടത്തിയിരുന്നു. അതിന് ശേഷം ഞാൻ പ്രസിഡന്റിനോട്‌ പറഞ്ഞു. ഞാൻ പോവുകയാണ്, എല്ലാത്തിനും നന്ദിയെന്ന്. എന്നാൽ അതിന് ശേഷം അദ്ദേഹം എന്നോട് മിണ്ടതായി. പക്ഷെ ഞാൻ അതിൽ നിന്നും പിന്മാറിയ കാര്യം അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല ” മറഡോണ പറഞ്ഞു.

Rate this post