ഇന്ററുമായി തോറ്റാൽ പരിശീലകസ്ഥാനം തെറിക്കുമോ? നിർണായക ചാമ്പ്യൻസ്‌ലീഗ് മത്സരത്തെക്കുറിച്ച് സിദാൻ
ചാമ്പ്യൻസ്‌ലീഗിൽ ഇന്നു രാത്രി ഇന്റർ മിലാനെ നേരിടാനൊരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. നിർണായകമായ ഒരു വെല്ലുവിളിയാണ് ഇന്നു സിദാനും സംഘവും നേരിടാനൊരുങ്ങുന്നത്. ഗ്രൂപ്പ് ബി യിൽ വെറും ഒരു പോയിന്റുമായി അവസാനസ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്. അവസാന രണ്ടു മത്സരങ്ങളിൽ ഒരു മത്സരം പോലും വിജയിക്കാൻ റയൽ മാഡ്രിഡിനു സാധിച്ചിട്ടില്ല.
ഷാക്തർ ഡോനെസ്കുമായുള്ള അപ്രതീക്ഷിത തോൽവിയും ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാക്കുമായി സമനിലയിൽ പിരിഞ്ഞതും ഇറ്റാലിയൻ വമ്പന്മാരുമായിട്ടുള്ള മത്സരം നിർണായകമാക്കുന്നുന്നുണ്ട്. എന്നിരുന്നാലും ഈ മൽസരത്തിന്റെ സമ്മർദ്ദം ഒരിക്കലും തന്റെ റയൽ മാഡ്രിഡിലെ സ്ഥാനത്തിന് പ്രശ്നമാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സിദാനുള്ളത്. വളരെ വിനീതനായാണ് സിദാൻ ഇതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത്.
Real Madrid Vs Inter: Zidane Clears Air On Fear Of Getting Sacked https://t.co/LlhPgzBYha
— Pointloaded.com (@Point_loaded) November 3, 2020
“ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഞാൻ നാളത്തെ മത്സരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നാളത്തെ ചാമ്പ്യൻസ്‌ലീഗ് മത്സരം കളിക്കാൻ സാധിച്ചത് തന്നെ ഞങ്ങൾ ഭാഗ്യമായി കരുതുന്നു. ബാക്കി സംഭവിക്കുന്നതെല്ലാം അനിവാര്യമായ കാര്യമാണ്. പക്ഷെ ഞങ്ങൾക്കിപ്പോൾ ചെയ്യാൻ കഴിയുന്നത് മത്സരത്തിനായി മികച്ച രീതിയിൽ തയ്യാറെടുക്കുകയെന്നതാണ്. “
“എതിരാളികളെ കുറിച്ച് ഞങ്ങൾക്ക് നന്നായറിയാം. മികച്ച ടീമായതുകൊണ്ട് തന്നെ ഇത് വളരെ ബുദ്ദിമുട്ടേറിയ മത്സരം തന്നെയാണ്. വളരെ കായികമായ മത്സരമായിരിക്കുമിത്. ഇത് മറ്റൊരു ബുദ്ദിമുട്ടേറിയ മത്സരമാണെന്നുറപ്പാണ്. ഇതൊരു ഫൈനൽ മത്സരം പോലെയാണ്. ഞങ്ങളത് നേടിയെടുക്കും. മൂന്നു പോയിന്റ് കൂടി കൂട്ടാൻ ഞങ്ങൾ ശ്രമിക്കും. ഇതിൽ എല്ലാ മത്സരങ്ങളും ഫൈനൽ ആണ്. നാളത്തെ മത്സരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനാണ് തീരുമാനം. ” സിദാൻ വ്യക്തമാക്കി.