89 ആം മിനുട്ടിലെ ഗോളിൽ ബെംഗളുരുവിനോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ആദ്യ ജയം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ ജാവി ഹെർണാണ്ടസ് നേടിയ ഗോളിൽ ബെംഗളൂരു പരാജയപ്പെടുത്തി. 88 ആം മിനുട്ടിലാണ് സ്പാനിഷ് താരം ബെംഗളുരുവിന്റെ വിജയ ഗോൾ നേടിയത്. 17 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

രണ്ടു മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെ നേരിട്ടത്. നിഹാൽ സുധീഷും ഡാനിഷും ഇന്ന് ആദ്യ ഇലവനിൽ ഇടം കണ്ടെത്തി. ബംഗളുരുവിന്റെ മുന്നേറ്റത്തോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്. മികച്ച ക്രോസ്സുകളും പാസ്സുകളുമായി ബംഗളുരു മുന്നേറിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. സുനി ഛേത്രിക്കു രണ്ടു നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല.

മുന്നേറ്റ നിരയിൽ ദിമിക്ക് ആരുടേയും പിന്തുണ ലഭിച്ചതുമില്ല.ശക്തമായ ആക്രമണ ഫുട്ബോളാണ് ആദ്യ പകുതിയിൽ ഇരു ടീമുകളും കാഴ്ച്ചവെച്ചത്.ബംഗളുരു സ്‌കോറിങ്ങിന് അടുത്ത് എത്തിയെങ്കിലും നിർണായക ഫിനിഷ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡയമൻ്റകോസ് കൊടുത്ത പാസിൽ നിന്നുള്ള അയ്മന്റെ ഷോട്ട് സന്ധു രക്ഷപ്പെടുത്തി.67 ആം മിനുട്ടിൽ ബംഗളുരു ഗോൾ നേടുന്നതിന്റെ അടുത്തെത്തി. ഇടതു വിങ്ങിൽ നിന്നും വില്യംസ് കൊടുത്ത മനോഹരമായ പാസ് ഛേത്രിക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമുകളും കൂടുതൽ ആക്രമിച്ചു കളിക്കാൻ തുടങ്ങി.86 ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ രാഹുൽ കൊടുത്ത പാസ് ചേർണിച്ച് ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും സന്ധിവിന്റെ കയ്യിൽ തട്ടി പുറത്തേക്ക് പോയി. 88 ആം മിനുട്ടിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചു കൊണ്ട് ബംഗളുരു മുന്നിലെത്തി. വലതു വിങ്ങിൽ നിന്നും ഷിവാൾഡോ കൊടുത്ത പാസ് മികച്ചൊരു ഫിനിഷിംഗിലൂടെ ജാവി ഹെർണാണ്ടസ് ഗോളാക്കി മാറ്റി.

Rate this post