ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് മൂന്ന് തവണ ഐഎസ്എൽ ഫൈനലിസ്റ്റുകൾ ആയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇതുവരെയും കിട്ടാത്ത ഐഎസ്എൽ കിരീടം തേടിയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും പ്രയാണം ആരംഭിക്കുന്നത്. ഇതുവരെയുള്ള ഐഎസ്എല്ലിലെ പ്രകടനം നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച പ്രകടനം നടത്തി രണ്ടാം സ്ഥാനത്താണ് ഉള്ളത്.
ഇന്ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ എട്ടാമത്തെ മത്സരത്തിൽ എതിരാളികളായ ചെന്നൈയിൻ എഫ്സിയെയാണ് നേരിടുന്നത്. ഏഴു മത്സരങ്ങളിൽ നിന്നും രണ്ട് വിജയം ഒരു സമനില നാല് തോൽവിയുമായി ടേബിളിൽ ഏഴ് പോയിന്റ്മായി ഏഴാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്സി സീസണിൽ മോശം ഫോമിലാണ് പ്രകടനം തുടരുന്നത്.
അതേസമയം ഏഴു മത്സരങ്ങളിൽ നിന്നും 13 പോയിന്റ്മായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനാൽ തന്നെ ഇന്ന് സ്വന്തം ഹോം സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ അനായാസമായി ചെന്നൈയിൽ എഫ്സിക്കെതിരെ വിജയം നേടാനാവുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2020 സീസണിനു ശേഷം ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ചെന്നൈയിന് കഴിഞ്ഞിട്ടില്ല എന്നൊരു കണക്കുകൂടിയുണ്ട്.
Training hard, playing harder! 🔥#KBFC #KeralaBlasters pic.twitter.com/w1Er7ey1S1
— Kerala Blasters FC (@KeralaBlasters) November 28, 2023
ഇന്ന് രാത്രി 8 മണിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് ആരാധകർ കാത്തിരുന്ന പോരാട്ടം അരങ്ങേറുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ കേരള ബ്ലാസ്റ്റേഴ്സിന് എഫ് സി ഗോവയെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്താം. കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ എഫ്സി ഗോവയാണ് എതിരാളി എന്നതിനാൽ പോയിന്റ് ടേബിളിൽ മുന്നേറാനുള്ള അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.