കൊമ്പന്മാർക്ക് ഇന്ന് വിജയിക്കണം, നിർണ്ണായകമത്സരത്തിൽ കരുത്തരായ എതിരാളികൾ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ഒമ്പതാമത്തെ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ എഫ് സി ഗോവയെ നേരിടാൻ ഒരുങ്ങുകയാണ് ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. പോയിന്റ് ടേബിളിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻപിൽ എങ്കിലും രണ്ടു മത്സരങ്ങൾ കുറവാണ് എഫ് സി ഗോവ കളിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഗോവക്കെതിരായ മത്സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിർണായകമാണ്.

ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഗോവയുടെ ഹോം മൽസരം അരങ്ങേറുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് നടക്കുന്ന മത്സരത്തിൽ വിജയപ്രതീക്ഷകളുമായാണ് ഇരു ടീമുകളും നേർക്കുനേരെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച ഹെഡ് ടു ഹെഡ് റെക്കോർഡ് ആണ് ഗോവക്കുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് VS എഫ്സി ഗോവ ഇതുവരെ നേർക്കുനേരെ ഏറ്റുമുട്ടിയത് 10 തവണയാണ്. അതിൽ അഞ്ച് തവണ എഫ് സി ഗോവക്ക് അനുകൂലമായി വിജയം നിന്നപ്പോൾ നാലുതവണ മത്സരം സമനിലയിൽ അവസാനിച്ചു, ഗോവക്കെതിരെ ഒരു മത്സരത്തിന് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായത്. ഗോവയുടെ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് അവരെ പരാജയപ്പെടുത്താൻ ആയിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്.

ഈ സീസണിൽ അവസാന 5 മത്സരങ്ങളിൽ മൂന്ന് വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയപ്പോൾ, 5 മത്സരങ്ങളിൽ നാല് വിജയം നേടി മികച്ച ഫോമിലാണ് ഗോവ പോയിന്റ് ടേബിളിലുള്ളത്. ഒരു പോയന്റ് വ്യത്യാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലാണെങ്കിലും രണ്ടു മത്സരങ്ങൾ കുറവുകളിച്ച ഗോവക്ക് മത്സരങ്ങളുടെ അഡ്വാന്റ്റേജ് ഉണ്ട്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞാൽ പോയിന്റ് ടേബിളിൽ എഫ് സി ഗോവയേക്കാൾ മുന്നേറാൻ ബ്ലാസ്റ്റേഴ്സിനാവും. മത്സരങ്ങളുടെ ലൈവ് സംപ്രേഷണം. സോണി ചാനലുകളിലും ജിയോ ടിവിയിലും കാണാനാവും.

Rate this post