ഐ.എസ്.എല്ലിന് മുന്നോടിയായി വമ്പന്മാർക്കെതിരെ നാല് സന്നാഹ മത്സരം കളിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്
പുതിയ ഐഎസ്എൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പ്രീസീസൺ തയ്യാറെടുപ്പുകൾ ഉഷാറാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.ഐ എസ് എൽ പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് നാലു സൗഹൃദ മത്സരങ്ങൾ കൂടെ കളിക്കും. ഗോവയിൽ വെച്ച് ഐ എസ് എൽ ക്ലബുകൾക്ക് എതിരെയാകും മൂന്ന് പ്രീസീസൺ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.
ഗോവയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് നാളെ എഫ് സി ഗോവയെ നേരിടും. അതിന് ശേഷം ക്ലബ് ക്വാരന്റൈനിൽ പോകും. ക്വാരന്റൈൻ കഴിഞ്ഞു നവംബറിൽ ആകും ബാക്കി പ്രീസീസൺ മത്സരങ്ങൾ.നവംബർ 5ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ് സിയെയും നവംബർ 9നും നവംബർ 12നും കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെയും നേരിടും.ഇന്ത്യൻ നേവിക്കെതിരെയും എം കോളേജ് ഫുട്ബോൾ അക്കാദമിക്കെതിരെയും കളിച്ച ബ്ലാസ്റ്റേഴ്‌സ് ഈ രണ്ട് മത്സരങ്ങളിലും ജയം നേടിയിരുന്നു. ആദ്യത്തെ മത്സരത്തിൽ നേവിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനും രണ്ടാം മത്സരത്തിൽ എം എ കോളേജിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം നേടിയത്.
We've lined up 4️⃣ friendlies to build up to the new season in Goa, beginning with FC Goa tomorrow! 👊🏽
— K e r a l a B l a s t e r s F C (@KeralaBlasters) October 14, 2021
Due to conditions on ground, it will not be possible to telecast these friendlies. However, we will be bringing you all the updates!#YennumYellow pic.twitter.com/inyjx5t5CW
കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശാജനകമാണ്. അതുകൊണ്ട് തന്നെ ഐ എസ് എല്ലിന്റെ പുതിയ സീസണിൽ ഉയിർത്തെഴുന്നേൽക്കാൻ കോപ്പ് കൂട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയ്ക്ക് അല്പം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഈ സീസണിലെ പ്രകടനത്തിലൂടെ അത് തിരിച്ചുപിടിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
പുതിയ സീസണിൽ സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കീഴിൽ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്‌സ് പുതിയ ഒരു നിരയുമായി തന്നെയാണ് എത്തുന്നത്. കഴിഞ്ഞ സീസണിൽ കളിച്ച വിദേശ താരങ്ങൾ ഇക്കുറി ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. ഇവർക്ക് പകരം പുതിയ വിദേശ താരങ്ങളെ ക്ലബ് കണ്ടെത്തിയിട്ടുണ്ട്. അതിൽ ഈ സീസണിലെ തന്നെ മികച്ച സൈനിംഗുകളിൽ ഒന്ന് ബ്ലാസ്റ്റേഴ്സിന്റെ പേരിലാണ്. ലാലിഗയിൽ കളിച്ച അൽവാരോ വാസ്‌ക്വസിനെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മഞ്ഞക്കുപ്പായത്തിൽ എത്തിച്ചിരിക്കുന്നത്.
വാസ്‌ക്വസിന് പുറമെ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി കളിച്ച ബോസ്‌നിയൻ താരം എനെസ് സിപോവിച്ച്, ഉറുഗ്വായ് താരം അഡ്രിയാൻ ലൂണ, അർജന്റീന താരമായ പെരേര ഡയസ്, ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗ്യെല്‍ഷന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ബൂട്ട് കെട്ടാൻ ഒരുങ്ങുന്ന വിദേശ താരങ്ങൾ.