“എതിരാളികൾ കരുത്തരായ ജംഷഡ്‌പൂർ, ആദ്യ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു”

ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.സെമി ഫൈനലിൽ നാല് ടീമുകൾ പോരാടുമ്പോൾ ആരാണ് കിരീടം നേടുക എന്നത് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയിലൂടെയാണ് കാര്യങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജംഷഡ്പൂർ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എടികെ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവയാണ് സെമിയിലേക്ക് യോഗ്യത നേടിയ നാല് ടീമുകൾ.രണ്ടു പാദങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്.

ടേബിളിൽ ഒന്നാമതെത്തിയതിന്റെ മികവിൽ ജംഷഡ്പൂർ പുതിയ ലീഗ് ഷീൽഡ് ചാമ്പ്യന്മാരായി. 20 മത്സരങ്ങളിൽ നിന്ന് 13 ജയവും നാല് സമനിലയും മൂന്നെണ്ണത്തിൽ തോൽവിയുമായി 43 പോയിന്റുമായി ഫിനിഷ് ചെയ്ത ഓവൻ കോയിലിന്റെ ടീം ലീഗിന്റെ രണ്ടാം ഘട്ടത്തിൽ സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുത്തത്.ആദ്യ 13 മത്സരങ്ങളിൽ ആറെണ്ണം ജയിക്കുകയും മൂന്നിൽ തോൽക്കുകയും നാലിൽ സമനില വഴങ്ങുകയും ചെയ്ത ജംഷഡ്പൂരിന് സീസണിൽ സമ്മിശ്ര തുടക്കമായിരുന്നു. എന്നിരുന്നാലും, ബെംഗളൂരു എഫ്‌സിയോട് 3-1 ന് തോറ്റതിന് ശേഷം, അവർ ഗിയർ മാറ്റി വിജയക്കൊടി പാറിച്ചു, ബാക്കിയുള്ള ഏഴ് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തി.

നാളെ നടക്കുന്ന ആദ്യ സെമി പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആണ് ജാംഷെഡ്പൂരിന്റെ എതിരാളികൾ.ലീഗ് ഘട്ടത്തിലെ ആദ്യ കൂടിക്കാഴ്ചയിൽ ഇരുവരും 1-1ന് സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം മത്സരത്തിൽ 3-0ന് ജംഷഡ്പൂർ വിജയിച്ചു.നാലാം സ്ഥാനത്തിനായി മുംബൈ സിറ്റി എഫ്‌സിയുമായി കടുത്ത പോരാട്ടത്തിനൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമിയിൽ സ്ഥാനം പിടിചെടുത്തത്.മാർച്ച് 2 ന് നടന്ന സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നിൽ ഇരുവരും കൊമ്പുകോർക്കുകയും 3-1 വിജയത്തോടെ കേരള ടീം ആദ്യ നാല് സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.എഫ്‌സി ഗോവയ്‌ക്കെതിരായ തങ്ങളുടെ അവസാന മത്സരം 4-4ന് സമനിലയിൽ പിരിഞ്ഞു, 20 കളികളിൽ നിന്ന് 34 പോയിന്റുമായി കേരളം സെമിയിലേക്ക് യോഗ്യത നേടിയപ്പോൾ അവരുടെ അവസാന മത്സരത്തിൽ മുംബൈ ഹൈദരാബാദിനോട് തോറ്റു.

ആറുവര്‍ഷത്തിനുശേഷം ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ സെമിഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കടുത്ത എതിരാളികൾ ആണെങ്കിലും ജാംഷെഡ്പൂരിനെ മറികടക്കാം എന്ന അതവിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്.പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ തന്ത്രങ്ങളെല്ലാം താരങ്ങൾ മൈതാനത്ത് നടപ്പിലാക്കിയാൽ വിജയം ബ്ലാസ്റ്റേഴ്സിനൊപ്പം വരുമെന്നുറപ്പാണ്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വന്നത്. ഏറ്റവും കൂടുതൽ പോയിന്റുകൾ , ഗോളുകൾ, തോൽവി അറിയാതെ കൂടുതൽ മത്സരങ്ങൾ എല്ലാം പിന്നിട്ടത് ഈ സീസണിലാണ്.

നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത എതിരാളികൾ തന്നെയാവും ജംഷഡ്‌പൂർ.ഈ സീസണിൽ ഇതിന് മുന്നേ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്‌സിൻ വിജയിക്കാനായില്ല.ഇ‌ന്ത്യൻ സൂപ്പർ ലീഗിൽ ഇതു വരെ 10 മത്സരങ്ങളിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ 3 മത്സരങ്ങളിൽ ജംഷദ്പൂർ വിജയിച്ചപ്പോൾ, ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. 6 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. എന്നാൽ ആറു വർഷത്തിന് ശേഷം സെമി ഫൈനലിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂരിനെ കീഴടക്കും എന്ന ആത്മവിശ്വാസം ആരാധകർക്കുണ്ട്. ഇവാൻ വുകോമാനോവിച്ചിന്റെ തന്ത്രങ്ങൾ ഓവൻ കോയിലിന്റെ ജാംഷെഡ്പൂരിനെ കീഴടക്കാൻ ശക്തിയുള്ളത് തന്നെയാണ്.

ബ്ലാസ്റ്റേഴ്സിനെക്കാൾ കൂടുതൽ ഗോളുകളും നെടുകയും കുറവ് ഗോളുകൾ വഴങ്ങുകയും ചെയ്ത ജംഷെഡ്പൂർ പ്രതിരോധത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് ആവട്ടെ 34 ഗോളുകൾ നേടിയപ്പോൾ 24 ഗോളുകൾ വഴങ്ങി. പ്രതിരോധത്തിൽ ചില പിഴവുകൾ ഉണ്ടെങ്കിലും മുന്നേറ്റതനിരയിലെ താരങ്ങളുടെ മികവിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയർപ്പിക്കുന്നത്. ഡയസ് – വസ്ക്വാസ് – ലൂണ ത്രയം ഫോമിലേക്കെത്തിയാൽ ജാംഷെഡ്പൂരിനെ അനായാസം കീഴടക്കാം എന്ന വിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്.

സെമി ഫൈനൽ 1 ആദ്യ പാദം:

ജംഷഡ്പൂർ എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി — മാർച്ച് 11 — 7:30 PM IST — PJN സ്റ്റേഡിയം, ഫട്ടോർഡ

സെമി ഫൈനൽ 2 ആദ്യ പാദം:

ഹൈദരാബാദ് എഫ്സി vs ATK മോഹൻ ബഗാൻ — മാർച്ച് 12 — 7:30 PM IST — അത്‌ലറ്റിക് സ്റ്റേഡിയം, ബാംബോലിം

സെമി ഫൈനൽ 1 സെക്കൻഡ് ലെഗ്:

കേരള ബ്ലാസ്റ്റേഴ്സ് vs ജംഷഡ്പൂർ എഫ്സി — മാർച്ച് 15 — 7:30 PM IST — തിലക് മൈതാൻ സ്റ്റേഡിയം

സെമി ഫൈനൽ 2 സെക്കൻഡ് ലെഗ്

ATK മോഹൻ ബഗാൻ vs ഹൈദരാബാദ് FC — മാർച്ച് 16 — 7:30 PM IST — അത്‌ലറ്റിക് സ്റ്റേഡിയം, ബാംബോലിം

ഫൈനൽ:

സെമി-ഫൈനൽ 1 വിജയി vs സെമി-ഫൈനൽ 2 വിജയി — മാർച്ച് 20 — 7:30 PM IST — PJN സ്റ്റേഡിയം, ഫട്ടോർഡ