“ഐ എസ് എൽ ടീം ഓഫ് ദി വീക്കിൽ മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടം പിടിച്ചു”

ഇന്ത്യൻ സൂപ്പർ ലീഗിലെ 12 ആം ആഴ്ചയിലെ ടീം ഓഫ് ദി വീക്കിൽ മൂന്നു കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടം പിടിച്ചു. ഒഡിഷക്കെതിരെ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടം നേടിയത്.പ്ലേമേക്കർ അഡ്രിയൻ ലൂണ, ഹർമൻജോത് ഖബ്ര , നിഷു കുമാർ എന്നിവരാണ് ടീമിൽ ഇടംപിടിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ബെംഗളൂരുവിന്‍റെ ഗുർപ്രീത് സിംഗ് സന്ധുവാണ് ഗോൾകീപ്പർ. ജംഷെഡ്പൂരിന്‍റെ ലാൽഡിൻലിയാന, ഗ്രെഗ് സ്റ്റുവർട്ട്, ബെംഗളൂരുവിന്‍റെ റോഷൻ നൈറേം, ഡാനിഷ് ഫാറൂഖ്, പ്രിൻസ് ഇബാറ, ഹൈദരാബാദിന്‍റെ എഡു ഗാർസ്യ, ഗോവയുടെ ജോർഗെ ഓർട്ടിസ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.

ഒഡിഷക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ടീം ഓഫ് ദി വീക്കിൽ ഉൾപ്പെട്ട ഹർമൻജോത് ഖബ്ര , നിഷു കുമാർ എന്നിവരാണ് മത്സരത്തിലെ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ പത്തു മത്സരങ്ങളിൽ കളിച്ച 33 കാരനായ ഖബ്ര ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളിൽ പ്രധാന പങ്കു വഹിച്ചു. മാസങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സിനായി ആദ്യ മത്സരം കളിച്ച നിഷു കുമാർ മികച്ചൊരു ഗോളാണ് ഒഡിഷക്കെതിരെ നേടിയത്.ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം നിഷു കുമാറും ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കേണ്ടിയിരുന്ന ബ്ലാസ്റ്റേഴ്‌സ് മുംബൈ പോരാട്ടം മാറ്റിവയ്ക്കാൻ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) തീരുമാനിച്ചു. മത്സരം പിന്നീടുള്ള തീയതിയിലേക്ക് മാറ്റുവാൻ ശ്രമിക്കും.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മത്സരത്തിന് ആവശ്യമായ കളിക്കാരുടെ ലഭ്യത ഇല്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് ലീഗിന്റെ മെഡിക്കൽ ടീമുമായി കൂടിയാലോചിച്ചാണ് പ്രസ്തുത തീരുമാനം.സ്ക്വാഡിലെ എല്ലാ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും സുരക്ഷ നിരീക്ഷിക്കാനും ഉറപ്പാക്കാനും ഇന്ത്യൻ സൂപ്പർ ലീഗ് മെഡിക്കൽ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കും.

കൊവിഡ് നെഗറ്റീവായ 15 കളിക്കാര്‍ എങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എൽ ചട്ടം. കഴിഞ്ഞ നാല് ദിവസം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനം നടത്തിയിരുന്നില്ല. മത്സരത്തിന്‍റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 11 കളിയില്‍ 20 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്.

Rate this post