നിങ്ങളെത്ര പണം നൽകിയിട്ടും കാര്യമില്ല, അർജന്റീനക്ക് വേണ്ടി കളിച്ചില്ലെങ്കിൽ പിന്നെ ഞാൻ മറ്റൊരു നാഷണൽ ടീമിന് വേണ്ടിയും കളിക്കില്ല : അന്ന് മെസ്സി പറഞ്ഞത്
തന്റെ കുട്ടിക്കാലത്തെ അർജന്റീനയിലെ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിലൂടെയായിരുന്നു ലയണൽ മെസ്സി വളർന്നിരുന്നത്. എന്നാൽ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ പിന്നീട് ലയണൽ മെസ്സിയെ സ്വന്തമാക്കി.2004ൽ ആയിരുന്നു മെസ്സി ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്.
അർജന്റീനയുടെ ദേശീയ ടീമിനുവേണ്ടി അരങ്ങേറ്റം കുറിക്കുന്നതിനു മുന്നേ ലയണൽ മെസ്സിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സ്പാനിഷ് ദേശീയ ടീം നടത്തിയിരുന്നു. ബാഴ്സ ക്ലബ്ബിന്റെ ഡയറക്ടർ തന്നെയായിരുന്നു മെസ്സിയെ സ്പെയിനിന്റെ ദേശീയ ടീമിൽ എടുക്കാൻ വേണ്ടി അവരെ പ്രേരിപ്പിച്ചിരുന്നത്. അങ്ങനെ സ്പെയിനിന്റെ അണ്ടർ 17 ടീമിൽ മെസ്സിയെ എടുക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിയിരുന്നു.
എന്നാൽ ഇതിന് തടസ്സം നിന്നത് ലയണൽ മെസ്സി തന്നെയായിരുന്നു. തന്റെ ജന്മദേശമായ അർജന്റീനക്ക് വേണ്ടി മാത്രമേ കളിക്കുകയുള്ളൂ എന്ന് ഉറച്ച നിലപാട് മെസ്സി എടുക്കുകയായിരുന്നു. നിങ്ങൾ എത്ര പണം നൽകിയിട്ടും കാര്യമില്ലന്നും അർജന്റീനക്ക് വേണ്ടി കളിച്ചില്ലെങ്കിൽ പിന്നെ താൻ മറ്റൊരു നാഷണൽ ടീമിനുവേണ്ടി കളിക്കുന്ന പ്രശ്നമേയില്ല എന്നായിരുന്നു മെസ്സി സ്പാനിഷ് അധികൃതരോട് പറഞ്ഞത്. ഈ വെളിപ്പെടുത്തൽ അർജന്റീനയുടെ കോച്ചിംഗ് സ്റ്റാഫുകളിൽ ഉള്ള ഒരു വ്യക്തി തന്നെയായിരുന്നു വെളിപ്പെടുത്തിയിരുന്നത്.
‘ അന്ന് മെസ്സി പറഞ്ഞത് എന്താണ് എന്ന് നിങ്ങൾക്കറിയാമോ? അവർ എത്ര പണം തരുന്നു എന്നുള്ളത് ഒരു കാര്യമേ അല്ല. സ്പെയിൻ ആണെങ്കിലും മറ്റേതെങ്കിലും ദേശീയ ടീമാണെങ്കിലും ഞാൻ അത് വിഷയമാക്കുന്നില്ല.ഞാൻ അർജന്റീനക്ക് വേണ്ടി മാത്രമേ കളിക്കുകയുള്ളൂ.അതിന് സാധിച്ചില്ലെങ്കിൽ മറ്റൊരു രാജ്യത്തിന് വേണ്ടിയും ഞാൻ കളിക്കുകയില്ല ‘ ഇതായിരുന്നു മെസ്സി അന്ന് പറഞ്ഞത്.
“Do you know what Messi said? ‘Doesn’t matter how much money they give me, Spain or from everything. If I don’t play for my country, I will not play for any National Team.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 19, 2022
💙 pic.twitter.com/vyVJxrE8yF
തീർച്ചയായും മെസ്സി അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഈ വർഷങ്ങൾ മുഴുവനും എല്ലാം മറന്ന് അധ്വാനിച്ചു. എന്നിട്ടും വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു.എന്നാൽ കഴിഞ്ഞ കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടതോട് കൂടി ലഭിച്ചിരുന്ന എല്ലാ വിമർശനങ്ങളും അവസാനിക്കുകയായിരുന്നു.