ലോകകപ്പ് ജേതാവായ അർജന്റീന നായകൻ ലിയോ മെസ്സിയുടെ പിഎസ്ജിയിലെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കുമെന്നതിനാൽ താരത്തിനെ സ്വന്തമാക്കാൻ ഭീമമായ തുകയുടെ ഓഫർ നൽകി കാത്തിരിക്കുകയാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേ തങ്ങളുടെ എതിരാളികളായ അൽ നസ്ർ സ്വന്തമാക്കിയതിനാൽ റൊണാൾഡോക്കൊത്ത എതിരാളിയായി ലിയോ മെസ്സിയെ സ്വന്തമാക്കാനാണ് പണചാക്കുകളുമായി അൽ ഹിലാൽ കാത്തിരിക്കുന്നത്.
ലിയോ മെസ്സിയുടെ സൗദിയിലേക്കുള്ള വരവിനെ കുറിച്ച് അൽ ഹിലാൽ പരിശീലകനായ റാമോസ് ഡയസിനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയും വളരെ വ്യക്തമായിരുന്നു. ലോകഫുട്ബോളിലെ ഏതൊരു താരത്തിനെയും സ്വന്തമാക്കാനുള്ള കഴിവും പവറും സൗദിക്കുണ്ടെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ അത് എല്ലാവരും കണ്ടതുമാണ് എന്ന് രോമസ് ഡയസ് പ്രതികരിച്ചു.
“സൗദിയുടെ ഫുട്ബോൾ ലോകമെമ്പാടും വളരുന്നുണ്ട്, അത് ലോകകപ്പിൽ കണ്ടതാണ്. ഇവിടെ ക്ലബ്ബുകളിൽ എട്ട് വിദേശ താരങ്ങളുണ്ടാകും, ഇവിടെയുള്ള ക്ലബ്ബുകൾക്ക് സാമ്പത്തികപരമായ പ്രശ്‌നങ്ങളില്ലാത്തതിനാൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാനാകും, അത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ സംഭവിച്ചതാണ്.”
“അൽ ഹിലാലിന്റെ വിദേശ താരങ്ങളിൽ ഭൂരിഭാഗവും അന്താരാഷ്‌ട്ര നിലവാരമുള്ള കളിക്കാരാണ്. ഇതുപോലെ തുടർന്നാൽ സൗദി ലീഗ് ഇനിയും വളരും, ഫുട്‌ബോളിന് കൂടുതൽ പ്രതീക്ഷ നൽകുന്നതിന് ക്രിസ്റ്റ്യാനോയുടെ റൊണാൾഡോയുടെ സാന്നിധ്യം ഇവിടെ പ്രധാനമാണ്. ലിയോ മെസ്സിയെ വാങ്ങാനുള്ള സാധ്യതകളും ശക്തിയും ഇവിടെയുണ്ട്, സൗദി ക്ലബ്ബുകൾക്കുള്ള പവർ എത്രത്തോളമാണെന്ന് ഒന്ന് സങ്കല്പിച്ചുനോക്കൂ.” – റാമോസ് ഡയസ് പറഞ്ഞു.
ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പാരിസ് സെന്റ് ജർമയിൻ വിടാനൊരുങ്ങുന്ന ലിയോ മെസ്സിയുടെ പുതിയ തട്ടകം ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. എഫ്സി ബാഴ്സലോനയും സൗദി ക്ലബ്ബായ അൽ ഹിലാലുമാണ് നിലവിൽ മെസ്സിയെ സ്വതമാക്കാനുള്ള മത്സരത്തിൽ മുൻപന്തിയിലുള്ള ക്ലബ്ബുകൾ.