അർജന്റീനക്ക് സംഭവിച്ചത് വലിയ നഷ്‌ടം, ഇറ്റലിക്കായി ഗോൾവേട്ട തുടങ്ങി അർജന്റീന താരം

അർജന്റീനയിൽ ജനിച്ച് അർജന്റീന യൂത്ത് ടീമിനായി കളിച്ചിട്ടുള്ള മാറ്റിയോ റെറ്റെഗുയ് എന്ന താരം പക്ഷെ ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി കളിക്കാനാണ് തീരുമാനമെടുത്തത്. മികച്ച ഫോമിൽ കളിക്കുന്ന സമയത്തും അർജന്റീന ദേശീയടീമിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഇറ്റലിക്കായി കളിക്കാൻ താരം തീരുമാനിച്ചത്.

ഇറ്റലിക്കായി ആദ്യമായി ഇറങ്ങുകയാണെങ്കിലും തന്റെ മേൽ പരിശീലകൻ മാൻസിനി പുലർത്തിയ വിശ്വാസത്തിനു താരം പ്രതിഫലം നൽകി. ഇംഗ്ലണ്ടിനും മാൾട്ടക്കും എതിരെയുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം നേടിയ താരം രണ്ടിലും ഓരോ ഗോളുകൾ വീതം നേടി. ഇംഗ്ലണ്ടിനെതിരെ ഇറ്റലി തൊട്ടപ്പോൾ മാൾട്ടക്കെതിരെ വിജയം സ്വന്തമാക്കി.

ഇരുപത്തിമൂന്നു വയസുള്ള റെറ്റെഗുയ് അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിന്റെ താരാമാണെങ്കിലും ലോണിൽ ടൈഗ്രക്കു വേണ്ടിയാണ് കളിക്കുന്നത്. മുപ്പത്തിയഞ്ചു മത്സരങ്ങളിൽ അവർക്കായി ഇരുപത്തിയഞ്ചു ഗോളുകൾ നേടിയിട്ടുള്ള താരം ഈ സീസണിൽ അർജന്റീനിയൻ ലീഗിൽ നിലവിലെ ടോപ് സ്‌കോറർ കൂടിയാണ്.

ഇറ്റാലിയൻ പൗരത്വം കൊടുക്കാൻ കഴിയുന്ന മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള പരിശീലകൻ റോബർട്ടോ മാൻസിനിയുടെ പദ്ധതി പ്രകാരമാണ് റെറ്റെഗുയ് അസൂറിപ്പടയിൽ എത്തിയത്. അമ്മയുടെ കുടുംബം വഴിയാണ് താരത്തിന് ഇറ്റലിയിൽ വേരുകളുള്ളത്. എന്തായാലും ഇറ്റലിക്ക് വേണ്ടി ഇറങ്ങിയ താരത്തിന് ഇനി അർജന്റീനക്ക് ലഭിക്കാൻ സാധ്യതയില്ല.

അതേസമയം താരത്തിന്റെ പ്രകടനത്തിൽ റോബർട്ടോ മാൻസിനി തൃപ്‌തനാണ്. എങ്ങിനെ ഗോളുകൾ നേടണമെന്ന് അറിയാവുന്ന താരം ഐ ഇനിയും കൂടുതൽ മെച്ചപ്പെട്ട് കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുപോലെ ഇറ്റാലിയൻ വംശജരായ മികച്ച താരങ്ങളെ ഇനിയും ടീമിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Rate this post