ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയുന്ന അവസ്ഥയാണ് അവിടെ : മെസ്സി

അർജന്റൈൻ ക്ലബായ ന്യൂവൽസ് ഓൾഡ് ബോയ്സിലൂടെ വളർന്ന താരമാണ് ലയണൽ മെസ്സി. എന്നാൽ മെസ്സി അർജന്റൈൻ ലീഗിൽ ഇതുവരെ കളിച്ചിട്ടില്ല. എന്തെന്നാൽ ചെറിയ പ്രായത്തിൽ തന്നെ മെസ്സി ബാഴ്സലോണയിലേക്ക് ചേക്കേറുകയായിരുന്നു. തന്റെ സീനിയർ കരിയർ ലാലിഗയിലാണ് മെസ്സി ആരംഭിച്ചിട്ടുള്ളത്.

എന്നാൽ ഇന്ന് അർജന്റീനയുടെ ദേശീയ ടീമിൽ കളിക്കുന്ന ഭൂരിഭാഗം താരങ്ങളും അർജന്റൈൻ ലീഗിലൂടെ ഉദയം ചെയ്ത താരങ്ങളാണ്. ഒരുപാട് ഇതിഹാസങ്ങളെയും സൂപ്പർതാരങ്ങളെയും ലോക ഫുട്ബോളിന് സമ്മാനിക്കാൻ അർജന്റൈൻ ലീഗിന് സാധിച്ചിട്ടുണ്ട് എന്നുള്ളതാണ്. ഇപ്പോഴും നിരവധി യുവ സൂപ്പർതാരങ്ങൾ അവിടെ നിന്ന് ഉൽഭവം ചെയ്യുന്നുമുണ്ട്.

ഈ അർജന്റൈൻ ഫുട്ബോളിനെ കുറിച്ച് ലയണൽ മെസ്സി ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. താൻ കഴിയാവുന്ന സമയങ്ങളിൽ എല്ലാം അർജന്റൈൻ ലീഗ് കാണാറുണ്ട് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. വളരെ അപൂർവമായ ലീഗാണ് അർജന്റൈൻ ലീഗ് എന്നും ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയുന്ന അവസ്ഥയാണ് അവിടെയുള്ളത് എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

‘ എനിക്ക് സാധ്യമാവുന്ന സമയത്തെല്ലാം ഞാൻ അർജന്റൈൻ ഫുട്ബോൾ കാണാറുണ്ട്.എന്റെ മത്സരങ്ങളുടെ സമയത്തെ ആശ്രയിച്ചാണ് ഞാൻ അത് കാണാറുള്ളത്.അർജന്റൈൻ ഫുട്ബോൾ എന്നുള്ളത് വളരെ അപൂർവമായ ഒരു ടൂർണമെന്റ് ആണ്.കാരണം അവിടെ ആർക്കും ആരെയും തോൽപ്പിക്കാം എന്നുള്ള അവസ്ഥയാണ് ഉള്ളത്.എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളത് നമുക്ക് ഒരിക്കലും മുന്നേ കാണാൻ സാധിക്കില്ല.അതുകൊണ്ടാണ് ഈ ലീഗ് വളരെ മനോഹരമായി നിൽക്കുന്നത്’ ലയണൽ മെസ്സി പറഞ്ഞു.

അർജന്റൈൻ പ്രിമേറ ഡിവിഷൻ എന്നാണ് അർജന്റൈൻ ലീഗ് അറിയപ്പെടാറുള്ളത്. നിലവിൽ വമ്പൻമാരായ ബൊക്ക ജൂനിയേഴ്സ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് റേസിംഗ് ക്ലബ്ബ് ഉണ്ട്. നാലാം സ്ഥാനത്താണ് റിവർ പ്ലേറ്റ് ഉള്ളത്.

Rate this post
Lionel Messi