ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ട് അഞ്ചു വർഷം |Cristiano Ronaldo

അഞ്ചു വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2018 ഏപ്രിൽ 3 ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് നേടി.യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് നേടി എന്ന് വേണം പറയാൻ.അലിയൻസ് സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡ് യുവന്റസിനെ നേരിടുകയാണ്.

ആദ്യ പാദത്തിൽ മാഡ്രിഡിന് 1-0 ലീഡ് നൽകിക്കൊണ്ട് മൂന്നാം മിനിറ്റിൽ ഇസ്കോയുടെ ക്രോസ് തിരിച്ചു വിട്ട് പോർച്ചുഗീസ് താരം സ്കോറിംഗ് ആരംഭിച്ചു.ആ രാത്രിയിൽ തന്റെ രണ്ടാമത്തെ സ്കോർ ചെയ്യാൻ അദ്ദേഹത്തിന് ഒരു മണിക്കൂർ കൂടി കാത്തിരിക്കേണ്ടി വന്നു, പക്ഷേ അത് തീർച്ചയായും കാത്തിരിപ്പിന് അർഹമായിരുന്നു. 64 ആം മിനുട്ടിൽ ഡാനിയൽ കാർവാജലിന്റെ വലതു വിങ്ങിൽ നിന്നുള്ള ക്രോസ്സ് യുവന്റസ് ഡിഫെൻഡർമാരെ കബളിപ്പിച്ച് ഗോൾ കീപ്പർ ജിയാൻലൂജി ബഫണിനെയും നിസ്സഹായനാക്കി മനോഹരമായ ബൈ സൈക്കിൾ കിക്കിലൂടെ ഗോളാക്കി മാറ്റി സ്കോർ 2 -0 ആക്കി മാറ്റി.

ആ ചരിത്ര ഗോളിനെ യുവന്റസിന്റെ അലയൻസ് സ്റ്റേഡിയത്തിന്റെ നാല് വശത്തുനിന്നും കരഘോഷത്തോടെയാണ് വരവേറ്റത്.തങ്ങളുടെ കൺമുന്നിൽ ഫുട്ബോൾ ചരിത്രത്തിന്റെ ഒരു ഭാഗമാണ് തങ്ങൾ കണ്ടതെന്ന് സന്നിഹിതരായിരുന്നവർക്ക് അറിയാമായിരുന്നു.അത് റയൽ മാഡ്രിഡ് കോച്ച് സിനദീൻ സിദാനെ പോലും അത്ഭുതപ്പെടുത്തി.72-ാം മിനിറ്റിൽ മാർസെലോ സ്കോർ 3 -0 ആക്കി ഉയർത്തുകയും ചെയ്തു.ഫൈനലിൽ ലിവർപൂളിനെ തോൽപ്പിച്ച് 2017/18ൽ തുടർച്ചയായ മൂന്നാം തവണയും റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഉയർത്തുകയും ചെയ്തു.

റൊണാൾഡോയുടെ കരിയറിലെ അഞ്ചാമത്തെ കോണ്ടിനെന്റൽ വിജയവും ലോസ് ബ്ലാങ്കോസിന്റെ റെക്കോർഡ് 13-ാം വിജയവുമായിരുന്നു ഇത്.എക്കാലത്തെയും വിസ്മയിപ്പിക്കുന്ന ഗോളുകളിലൊന്ന് യുവന്റസിനെതീരെ നേടി മാസങ്ങൾക്ക് ശേഷം അവരുടെ കറുപ്പും വെളുപ്പും ജേഴ്സിയണിഞ്ഞ് കളിക്കാൻ റൊണാൾഡോ ടൂറിനിൽ എത്തുകയും ചെയ്തു.

Rate this post