കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തായി മാറുന്ന യുക്രൈനിയൻ മിഡ്ഫീൽഡർ ഇവാൻ കലിയുഷ്‌നി |Ivan Kaliuzhnyi

2022 -23 ലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവാഹർലാൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. കളിയിലെ സർവ മേഖലയിലും ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സിനായി രണ്ടു വിദേശ താരങ്ങളാണ് ഗോൾ നേടിയത്.

ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ പ്ലെ മേക്കർ അഡ്രിയാൻ ലൂണയാണ് ആദ്യ ഗോള നേടിയത്. പകരക്കാരനായി ഇറങ്ങിയ യുക്രയ്ൻ മിഡ്ഫീൽഡർ ഇവാൻ കലിയുഷ്‌നി രണ്ടു മിന്നുന്ന ഗോളുമായി ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച് ആയി താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. മത്സരത്തിന് മുന്നോടിയായായുള്ള പത്ര സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ യുക്രൈൻ താരത്തെക്കുറിച്ച് പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു.കഴിഞ്ഞ സീസണില്‍ അല്‍വരോ വാസ്‌കസ് എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങാന്‍ ഞങ്ങള്‍ക്കൊരു താരമുണ്ടെന്ന് കോച്ച് ഇവാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതു ആദ്യ മല്‍സരത്തില്‍ തന്നെ സത്യമായിരിക്കുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ ആയിരുന്നു.എഴുപത്തിയൊമ്പതാം മിനിറ്റിൽ അപ്പോസ്തോലോസ് ജിയാനോയ്ക്ക് പകരമാണ് ഇവാൻ ഇറങ്ങിയത്. മൈതാന മധ്യത്തു നിന്നും ഒറ്റക്ക് പന്തുമായി മുന്നേറിയ താരം എതിർ താരങ്ങളെ വെട്ടിച്ച് ഈസ്റ്റ് ബംഗാൾ ബോക്സിലേക്ക് കടക്കുകയും ഡിഫെൻഡർമാരെ കബളിപ്പിച്ച് മനോഹരമായ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു.87 ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ മടക്കി കളിയിലേക്ക് തിരിച്ചു വന്നു. എന്നാൽ 88 ആം മിനുട്ടിൽ ഇവാൻ കലിയുഷ്‌നിയിലൂടെ സ്കോർ 3 -1 ആക്കി ഉയർത്തി. കോർണറിൽ നിന്നും ലഭിച്ച പന്ത് ബോക്സിനു പുറത്ത് നിന്നും ഇടം കാൽ ഷോട്ടിലൂടെ വലയിലാക്കി.ഈസ്റ്റ് ബംഗാൾ താരം ഹെഡ്ഡ് ചെയ്ത് ക്ലിയർ ചെയ്ത പന്ത് ബോക്സിനു പുറത്ത് നിന്നുളള ഷോട്ടിലൂടെയാണ് ഇവാൻ വലയിലാക്കിയത്.

ആദ്യ മത്സരത്തിലെ താരത്തിന്റെ പ്രകടനം ബ്ലാസ്റ്റേഴ്സിന് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.24 കാരനായ സെൻട്രൽ മിഡ്ഫീൽഡർ ഈ സീസണിൽ ഒരു മികച്ച ഏറ്റെടുക്കൽ ആണെന്ന് തെളിയിച്ചിരിക്കുകയാണ്.ഇവാൻ കലിയുസ്‌നി രാജ്യത്തിന്റെ അണ്ടർ 18 ടീമിനായി കളിച്ചിട്ടുണ്ട്.യുക്രെയ്ന്‍ ക്ലബ്ബായ മെറ്റലിസ്റ്റ് ഖാര്‍കീവിന്റെ അക്കാഡമിയില്‍ പന്തുതട്ടിയാണ് ഇവാന്‍ കരിയറിന് തുടക്കമിട്ടത്. കെഫ്‌ലാവിക്, ഡൈനാമോ കീവിന്റെ രണ്ടാമത്തെ ടീം, റുഖ് ലിവ്, മെറ്റലിസ്റ്റ് 1925 തുടങ്ങിയ ക്ലബ്ബുകൾക്കും കളിച്ചിട്ടുണ്ട്.

ഊർജസ്വലനും ഓൾറൗണ്ട് മിഡ്ഫീൽഡറുമായി ഉക്രെയ്നിന്റെ ഒന്നാം ഡിവിഷനിലെ സ്ഥിരതയാർന്ന പ്രകടനത്തെത്തുടർന്ന്, 2021 ഫെബ്രുവരിയിൽ എഫ്കെ ഒലെക്സന്ദ്രിയ സൈൻ ചെയ്തു.23 മത്സരങ്ങളിൽ നിന്ന് 4 അസിസ്റ്റുകളും 2 ഗോളുകളും സംഭാവന ചെയ്ത അദ്ദേഹം ക്ലബ്ബിനൊപ്പം തന്റെ മികച്ച ഫോം തുടർന്നു. ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നതിന് മുമ്പ്, ഉക്രേനിയൻ ലീഗ് താൽക്കാലികമായി നിർത്തിവച്ചതിനാൽ, ഐസ്‌ലാൻഡിന്റെ ടോപ്പ് ഡിവിഷൻ സൈഡ് കെഫ്‌ലാവിക് ഐഎഫിൽ കലിയുഷ്‌നിക്ക് വേണ്ടിയാണു കളിച്ചത്.

Rate this post