“എതിരാളികളുടെ ദൗർബല്യങ്ങൾ മുതലെടുക്കുന്ന തന്ത്രശാലി” | Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്താണ് ആഗ്രഹിച്ചത് അത് 100 % ശതമാനം തിരിച്ചു നൽകാൻ ക്ലബിന് ഈ സീസണിൽ ആയിട്ടുണ്ട് എന്നതിന് തർക്കമില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ വർഷമായി കാത്തിരുന്ന ഒരു നിമിഷമായിരുന്നു ഇന്നലെ കാണാൻ സാധിച്ചത്. തുടർച്ചയായ വിജയങ്ങളുമായി വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കി വമ്പ് കാട്ടി വന്ന കരുത്തരുടെ ജംഷഡ്‌പൂരിനെ മലയാളി താരം സഹൽ നേടിയ ഏക ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്സിന്റെ മാസ്റ്റർ ബ്രെയിൻ ഇവാൻ വുകമനോവിച് ഒരുക്കിയ തന്ത്രങ്ങൾ കളിക്കാർ മൈതാനത്ത് നടപ്പിലാക്കിയപ്പോൾ ആദ്യ സെമി ഫൈനലിലെ വിജയിയുടെ പേര് കേരള ബ്ലാസ്റ്റേഴ്‌സ് എന്നായി മാറി. മത്സരത്തിന്റെ 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസ് ഉയര്‍ത്തി നല്‍കിയ പന്തില്‍ ജംഷഡ്‌പൂര്‍ പ്രതിരോധത്തെയും ഗോളി ടിപി രഹ്‌നേഷിനെയും കാഴ്‌ച്ചക്കാരനാക്കി തലയ്‌ക്ക് മുകളിലൂടെ പന്ത് ചിപ് ചെയ്‌ത് വലയിലാക്കുകയായിരുന്നു സഹല്‍ അബ്‌ദുല്‍ സമദ്. സഹലിന്‍റെ ഈ ഒറ്റ ഗോളിലാണ് കരുത്തായ ജംഷഡ്‌പൂരിനെ 0-1ന് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്.

ജാംഷെഡ്പൂരിനെതിരെ വ്യക്തമായ ഗെയിം പ്ലാനോട് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്. ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജാംഷെഡ്പൂരിനെ ഗോളടിക്കാൻ വിടാതിരിക്കുക എന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം മുതൽ പുറത്തെടുത്തത്. ഈ സീസണിലെ മുൻ മത്സരങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് വ്യകതമാവും , ജാംഷെഡ്പൂർ ആദ്യം ഗോളടിച്ച കളികളിലെല്ലാം അവർ അനായാസം വിജയം നേടിയിട്ടുണ്ട്. എന്ത് വിലകൊടുത്തും ഗോൾ വഴങ്ങാതെ ഗോൾ നേടുക എന്ന തന്ത്രമാണ് വുകമനോവിച് ആവിഷ്കരിച്ചത്.ആ തന്ത്രം കേരള താരങ്ങൾ മനോഹരമായി മൈതാനത്ത് നടപ്പിലാക്കി.

ഈ സീസണിലെ തരാമെന്ന് വിശേഷിപ്പിക്കാവുന്ന ഗ്രേയ്‌ഗ്‌ സ്റ്റുവർട്ട് , നൈജീരിയൻ സ്‌ട്രൈക്കർ ചീമ എന്നിവരെ ഫലപ്രദമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വരിഞ്ഞു കെട്ടി. സ്റ്റുവർട്ടിനെ സ്വന്തം പോക്കറ്റിലാകുന്ന പ്രകടനമാണ് യുവ ഡിഫൻഡർ ഹോർമിപാം കാഴ്ചവെവച്ചത്. ആദ്യ ഗോൾ നേടുക എന്ന ജംഷഡ്‌പൂർ തന്ത്രം നടപ്പിലാക്കാൻ സാധിക്കാതെ വന്നതോടെ കിട്ടിയ അവസരം മുതലെടുത്ത് ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടി അവരെ സമ്മർദ്ദത്തിലാക്കി. ഈ സീസണിൽ ആദ്യ ഗോൾ നേടിയിട്ട് ഒരു മത്സരത്തിൽ മാത്രമാണ് ജംഷഡ്‌പൂർ പരാജയപ്പെട്ടത്. ബംഗുളൂരുവിനെതിരെയുള്ള 1 -3 ന്റെ തോൽവി ആയിരുന്നു. എന്നാൽ എതിർ ടീം ആദ്യ ഗോൾ നേടിയ രണ്ടു മത്സരങ്ങളിൽ അവർ പരാജയം രുചിരുന്നു. ഈസ്റ്റ് ബംഗാളും മുംബൈയുമാണ് അവരെ പരാജയപെടുത്തിയത്.

ജംഷെദ്‌പൂരിന്റെ എല്ലാ ദൗർബല്യങ്ങളും മനസ്സിലാക്കി ടീമിനെ ഒരുക്കിയെടുത്ത ബ്ലാസ്റ്റേഴ്‌സ് പരിശീലകന് തന്നെയാണ് ഇന്നലത്തെ മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് നൽകേണ്ടത്. എതിരാളികൾക്ക് അനുസരിച്ചതും ,മത്സരത്തിന്റെ ഗതിയനുസരിച്ചും തന്ത്രങ്ങൾ മെനയുന്നതിലെ ഇവാന് പ്രത്യക കഴിവുണ്ട്. സ്വന്തം ടീമിന്റെ ശക്തി തിരിച്ചറിഞ്ഞ എതിർ ടീമിന്റെ ദൗര്ബല്യങ്ങളിലേക്ക് പ്രയോഗിക്കാനാണ് സെർബിയൻ ശ്രമിക്കാറുള്ളത്.രണ്ടാം പാദ സെമിയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിനാകും. ഒരു ഗോളിന്റെ ലീഡ് മാത്രമാണുള്ളതെങ്കിൽപ്പോലും മാനസികമായി എതിരാളികൾക്ക് മേൽ വലിയ മുൻതൂക്കം നിലവിൽ ബ്ലാസ്റ്റേഴ്സിനുണ്ട്.

ഈ മാസം പതിനഞ്ചിനാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി പോരാട്ടം നടക്കുക.ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനല്‍ കളിച്ചത്.ഇതുവരെ സെമിയില്‍ ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല. രണ്ട് തവണ സെമിയില്‍ എത്തിയപ്പോഴും ഫൈനല്‍ ടിക്കറ്റെടുക്കാന്‍ കേരളത്തിന്റെ മഞ്ഞപ്പടക്ക് സാധിച്ചിരുന്നു. 2014, 2016 സീസണിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിച്ചത്. രണ്ട് തവണയും കിരീട ഭാഗ്യം ഉണ്ടായില്ല. ഇത്തവണ വലിയ പ്രതീക്ഷയിലാണ് ടീമുള്ളത്.

Rate this post