“പുതിയ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് , വുകോമാനോവിച്ചിന് ദീർഘകാല കരാർ വാഗ്‌ദാനം ചെയ്യാനൊരുങ്ങി കൊമ്പന്മാർ”

ISL 2021-22 ൽ ഏറ്റവും സ്ഥിരതയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രൊഫഷണലുകളെപ്പോലെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്നത്.ഇതിന്റെ ക്രെഡിറ്റ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിക്കിന് നൽകേണ്ടതുണ്ട്. എന്നാൽ മഞ്ഞപ്പടയ്ക്ക് കൂടുതൽ നല്ല വാർത്തകൾ വരാനിരിക്കുകയാണ്, തന്റെ കരാർ നീട്ടുന്നത് ഒരു പ്രശ്നമല്ലെന്ന് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സെർബിയൻ പരിശീലകൻ വ്യക്തമാക്കിയിരുന്നു.

വുകോമനോവിച്ചിന് ക്ലബ് പുതിയ ദീർഘകാല കരാർ ഓഫർ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. ഇക്കുറി ടീമിലെത്തിയ ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഉജ്ജ്വലപ്രകടനമാണ് നടത്തുന്നത്. ഇതോടെ ഇവാനെ അടുത്ത സീസണിലും നിലനിർത്തിയേക്കുമെന്ന സൂചനകൾ ശക്തമാണ്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറിലാണ് ഇവാൻ ഒപ്പിട്ടത്. കരാറിൽ പരിശീലകന്റെ കീഴിൽ ടീം കാഴ്ചവെക്കുന്ന പ്രകടനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉണ്ടായിരുന്നു. നിലവിൽ ക്ലബ് കാഴ്ച വെച്ച തോൽവികൾ അറിയാതെയുള്ള പത്തോളം മത്സരങ്ങളുടെ മുന്നേറ്റത്തെ തുടർന്ന് പരിശീലകന്റെ കരാർ നീട്ടുന്നതിനുള്ള ഈ വ്യവസ്ഥകൾ യാഥാർഥ്യമായി.

ബ്ലാസ്റ്റേഴ്സ് തകർപ്പൻ പ്രകടനം നടത്തുന്ന സാഹചര്യത്തിൽ ഇവാന് വേണ്ടി മറ്റ് ഐഎസ്എൽ ടീമുകൾ രം​ഗത്തുണ്ടാവാനുള്ള സാധ്യതകളേറെയാണ്. പണം കണ്ട് മാത്രം താൻ മറ്റൊരു ക്ലബിലേക്ക് പോകില്ല എന്ന് നേരത്തെ തന്നെ ഇവാൻ പറഞ്ഞിരുന്നു. എങ്കിലും ഇവാനെ വിട്ടുകളയാതിരിക്കാനായി പുതിയ ദീർഘകാല ഓഫർ മുന്നോട്ടുവയ്ക്കാനാണ് ക്ലബിന്റെ നീക്കം.2021-22 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ 13 മത്സരങ്ങളിൽ നിന്നായി 23 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ് കേരളം. ഒന്നാമത് നിൽക്കുന്ന ഹൈദരാബാദ് എഫ്‌സിയുമായി 3 പോയിന്റ്റുകളുടെ വ്യത്യാസം മാത്രമുള്ള ക്ലബിന് രണ്ട് മത്സരങ്ങൾ ഇനിയും കളിക്കാൻ ബാക്കിയുണ്ട്.

കളിച്ച 13 മത്സരങ്ങളിൽ ക്ലബ് ആറെണ്ണത്തിൽ ജയിച്ചു. രണ്ടെണ്ണത്തിൽ മാത്രമാണ് തോൽവി അറിഞ്ഞത്. അതിൽ അവസാനത്തെ തോൽവി കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ബംഗളുരു എഫ്‌സിയോട് ഏറ്റുമുട്ടിയതിൽ ഉണ്ടായതാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പിനാണ് ബംഗളുരു അന്ന് തടയിട്ടത്.ജംഷെഡ്പൂരിന് എതിരായ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടാം സ്ഥാനം നിലനിർത്താൻ സഹായിക്കും. കൂടാതെ, ആ ജയത്തോടെ പോയിന്റ് നിലയിൽ ഹൈദരാബാദ് എഫ്‌സിയോടൊപ്പം എത്താനും സാധിക്കും. ജംഷെഡ്പൂരുമായുള്ള സീസണിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.

Rate this post