കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ യുവ താരങ്ങളുടെ പങ്കിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 ൽ നാളെ കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി കൃരംഗൻ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഈസ്റ്റ് ബംഗാൾ ഈ സീസണിൽ ഇതുവരെ മികച്ച ഫോമിലായിരുന്നില്ല. ഈ സീസണിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള അവർ ഒമ്പതാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഗോവക്കെതിരെ പരാജയപ്പെടുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ നല്ല നിലയിലാണ് തുടങ്ങിയത്. ഈ സീസണിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി അവർ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ്.മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച സംസാരിച്ചു.കേരള ബ്ലാസ്റ്റേഴ്‌സിൽ ഒട്ടേറെ യുവതാരങ്ങൾ ഉണ്ട്. ഇവാൻ ഐഎസ്എല്ലിലെത്തിയതു മുതൽ ഈ യുവതാരങ്ങളെ മെച്ചപ്പെടുത്താനും അവർക്ക് ശരിയായ കളി സമയം നൽകാനും ശ്രമിച്ചിട്ടുണ്ട്.യുവ കളിക്കാർക്ക് അവരുടെ നിലവാരം പ്രകടിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ നൽകുന്നതിൽ സെർബിയൻ എന്നും പ്രാധാന്യം കൊടുത്തിട്ടുണ്ട്.

“വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള യുവതാരങ്ങൾ ഞങ്ങൾക്കുണ്ട്. കൂടുതൽ യുവതാരങ്ങൾക്ക് സ്വയം പ്രകടിപ്പിക്കാൻ ഞാൻ അവസരം നൽകുന്നു, കാരണം അത് അവരുടെ ഫുട്ബോൾ ഗുണങ്ങളുടെ നിലവാരം വർദ്ധിപ്പിക്കും, അങ്ങനെ അവർ മികച്ച കളിക്കാരായി മാറും,” അദ്ദേഹം പറഞ്ഞു.”കളിയിൽ മുന്നേറുകയോ സ്‌കോർ പിന്തുടരുകയോ ചെയ്യുന്ന വ്യത്യസ്‌തമായ സാഹചര്യങ്ങളിൽ നിങ്ങൾ സ്വയം കണ്ടെത്തുന്ന നിമിഷങ്ങൾ ഫുട്ബോളിലുണ്ട്. പിന്നിൽ നിന്ന് വരേണ്ടിവരുന്നത് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഞങ്ങൾ പലതവണ അനുഭവിച്ച കാര്യമാണ്. പ്രധാന കളിക്കാരുടെ അഭാവത്തിലും മാനസികാവസ്ഥയും ടീം സ്‌പിരിറ്റും മാറുന്നില്ല. ഞങ്ങൾ ഒരിക്കലും അതിൽ പരാതിപ്പെടില്ല, ഇതുപോലെയുള്ള സന്ദർഭങ്ങൾ മനസിലാക്കി പ്രവർത്തിച്ച് ഗൗരവമുള്ള ഫുട്ബോൾ കളിക്കാരായി വളരേണ്ട യുവ പ്രതിഭകൾ ടീമിലുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.”

നിങ്ങൾ ഒരു ഗെയിമിനെ സമീപിക്കുമ്പോൾ ടീമിനെ ശാരീരികമായി മാത്രമല്ല മാനസികമായും ഒരുക്കണം.പലപ്പോഴും ചില കളിക്കാർ തെറ്റായ തീരുമാനങ്ങളോ പിഴവുകളോ എടുക്കും, അത് ഗോളുകൾ വഴങ്ങാൻ ഇടയാക്കും.ആ നിമിഷങ്ങളെ എങ്ങനെ നേരിടണമെന്ന് നമുക്കറിയാം. നിരവധി യുവതാരങ്ങളുള്ള വളരെ യുവ ടീമാണ് ഞങ്ങൾക്കുള്ളത്.അവർ വളരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എപ്പോഴും പറയാറുള്ളത് പോലെ, ഓരോ കളിയും ഞങ്ങൾക്ക് വെല്ലുവിളിയാണ്, ഏതു മൈതാനമായാലും എളുപ്പമുള്ള മത്സരങ്ങളൊന്നുമില്ല. ഓരോ പോയിന്റിനും ഞങ്ങൾ പോരാടേണ്ടതുണ്ട്. ” ഇവാൻ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സ് (4-4-2): സച്ചിൻ സുരേഷ്; സന്ദീപ് സിംഗ്, പ്രീതം കോട്ടാൽ, ഹോർമിപം റൂയിവ, നയോച ഹുയിഡ്രോം സിംഗ്; രാഹുൽ കെ.പി, മുഹമ്മദ് അസ്ഹർ, ഡാനിഷ് ഫാറൂഖ്, ഡെയ്സുകെ സകായ്; അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്.