സൂപ്പർ താരം ലയണൽ മെസ്സിയും എംബപ്പേയും കളം നിറഞ്ഞു കളിച്ച ചാമ്പ്യൻസ് ലീഗിലെ അവസാന ഗ്രൂപ് മത്സരത്തിൽ പിഎസ്ജി ക്ക് തകർപ്പൻ ജയം. ക്ലബ് ബ്രുഗിനെതിരെ ഇന്ന് പാരീസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പി എസ് ജി വിജയിച്ചത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ മെസ്സിയും എമ്പപ്പെയും ആണ് ബ്രുഗിനെതിരെ പിഎസ്ജി ക്ക് വിജയം ഒരുക്കിയത്.
യൂറോപ്പ ലീഗ് നോക്കൗട്ട് ഘട്ടങ്ങളിലേക്ക് യോഗ്യത നേടാനുള്ള അവസരം ബ്രുഗിന് നഷ്ടമായി.ജർമ്മനിയിൽ RB ലെപ്സിഗിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി തങ്ങളെ സഹായിക്കുമെന്ന് ബ്രൂഗ് പ്രതീക്ഷിച്ചിരുന്നെങ്കിലും മത്സരം ആരംഭിച്ച് 6 മിനുട്ടുകൾക്ക് അകം തന്നെ എമ്പപ്പെ ബെൽജിയൻ ടീമിന്റെ വലയിൽ രണ്ട് ഗോളുകൾ എത്തിച്ചിരുന്നു. 2ആം മിനുട്ടിൽ ആയിരുന്നു എമ്പപ്പെയുടെ ആദ്യ ഗോൾ. പിന്നാലെ ഏഴാം മിനുട്ടിൽ ഡി മറിയയുടെ പാസിൽ നിന്നും സൈമൺ മിഗ്നോലെറ്റിനെ മറികടന്ന് എമ്പപ്പെ ഗോൾ നേടി.പി എസ് ജിയുടെ മൂന്നാം ഗോൾ ഒരുക്കിയതും എമ്പപ്പെ ആയിരുന്നു.
ഇടതുവിങ്ങിലൂടെ മുന്നേറി കൊണ്ട് എമ്പപ്പെ നൽകിയ പാസ് സ്വീകരിച്ച മെസ്സി പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഇടം കാലു കൊണ്ട് മനോഹരമായി പന്ത് വലയിൽ എത്തിച്ചു. മെസ്സിയുടെ പി എസ് ജിക്ക് ആയുള്ള അഞ്ചാം ഗോളായിരുന്നു ഇത്. ചാമ്പ്യൻസ് ലീഗിലെ നാലാം ഗോളും.രണ്ടാം പകുതിയിൽ വോർമറിലൂടെ ബ്രൂജെ ഒരു ഗോൾ മടക്കി എങ്കിലും ഒരു പെനാൾട്ടിയിലൂടെ മെസ്സി നാലാംഗോൾ നേടിയതോടെ ജയം പി എസ് ജിക്ക് ഉറപ്പായി.
ഇന്നത്തെ മത്സരത്തിലെ ഗോളോടെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ 30 ഗോൾ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് ഇനി പിഎസ്ജി സൂപ്പർ താരം കൈലിയൻ എംബാപ്പെയ്ക്ക് സ്വന്തം. 22 വയസും 322 ദിവസവും മാത്രം പ്രായമുള്ള എംബാപ്പെ സഹതാരം ലയണൽ മെസിയുടെ റെക്കോർഡാണ് മറികടന്നത്.ഇന്നത്തെ ഇരട്ട ഗോളോടെ പിഎസ്ജിയുടെ ചരിത്രത്തിൽ ആദ്യ മൂന്ന് ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങളിലും സ്കോർ ചെയ്യുന്ന മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് ലയണൽ മെസി.ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ടീമുകൾക്കെതിരെ സ്കോർ ചെയ്ത താരങ്ങളുടെ റെക്കോർഡ് പങ്കിട്ട് സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോകൊപ്പം ലയണൽ മെസിയും പങ്കിട്ടു.ഇരുവരും 38 ടീമുകൾക്കെതിരെ ഗോൾ നേടിയിട്ടുണ്ട്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചെസ്റ്റെർസിറ്റിയെ പരാജയപ്പെടുത്തി ലൈപ്സിഗ് യൂറോപ്പ ലീഗിന് യോഗ്യത നേടി.ജർമ്മനിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ഗോളിനായിരുന്നു ലൈപ്സിഗിന്റെ വിജയം. ആദ്യ പകുതിയിൽ 24ആം മിനുട്ടിൽ സൊബോസ്ലയി ആണ് ലൈപ്സിഗിനായി ഗോൾ നേടിയത്. ലൈമറിന്റെ പാസിൽ നിന്നായിരുന്നു ഗോൾ വന്നത്. രണ്ടാം പകുതിയി 71ആം മിനുട്ടിൽ ആൻഡ്രെ സിൽവ ലൈപ്സിഗിന്റെ രണ്ടാം ഗോൾ നേടി. കളിയുടെ 77ആം മിനുട്ടിൽ മെഹ്രസിലൂടെ ഒരു ഗോൾ മടക്കാൻ സിറ്റിക്ക് ആയെങ്കിലും പരാജയം തടയാൻ ആയില്ല.
82 ആം മിനുട്ടിൽ കൈൽ വാക്കറിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ സിറ്റിയുടെ ചെറുത്ത് നിൽപ്പ് അവസാനിച്ചു.ഈ വിജയത്തോടെ ലൈപ്സിഗ് 7 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം മൂന്നാം സ്ഥാനത്ത് എത്തുകയും യൂറോപ ലീഗിന് യോഗ്യതഹാ ഉറപ്പാക്കുകയും ചെയ്തു.പരാജയപ്പെട്ടു എങ്കിലും മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്തു. മാഞ്ചസ്റ്റർ സിറ്റിക്ക് 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ഉള്ളത്.