❝2025 വരെ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ നീട്ടി യുവ മിഡ്ഫീൽഡർ ജീക്സൺ സിംഗ് ❞| Kerala Blasters

അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ യുവ മിഡ്‌ഫീൽഡറായ ജീക്‌സൺ സിംഗ് തൗണോജമിന്റെ കരാർ നീട്ടുന്നതായി പ്രഖ്യാപിച്ചു.2025 വരെ അടുത്ത 3 വർഷത്തേക്ക് താരം ക്ലബ്ബിൽ ഉണ്ടാകും. 20 കാരൻ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ ജീക്സൺ കളിച്ചു. രണ്ട് അസിസ്റ്റ് നൽകാനും ഒരു ഗോൾ നേടാനും ഇരുപത് കാരനായി. ഇതുവരെ ഐ എസ് എല്ലിൽ ആകെ 48 മത്സരങ്ങൾ ജീക്സൺ കളിച്ചു കഴിഞ്ഞു. മുമ്പ് ജീക്സൺ ഇന്ത്യൻ ആരോസിനായും മിനേർവ പഞ്ചാബിനായും കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലും ജീക്സൻ ഉണ്ട്. 2017ലെ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി ഗോൾ നേടാൻ ജീക്സനായിരുന്നു.റിസർവ് ടീമിൽ നിന്നും 2019-ൽ ബ്ലാസ്റ്റേഴ്‌സിന്റെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടിയ ജീക്സൺ പെട്ടെന്ന് തന്നെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.

എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന, ഈ വിസ്മയകരമായ ക്ലബ്ബുമായുള്ള ബന്ധം തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് ക്ലബുമായുള്ള തന്റെ കരാര്‍ വിപുലീകരണത്തില്‍ ഒപ്പുവച്ചതിന് ശേഷം ജീക്സണ്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നത് ഞാന്‍ ഏറെ ആസ്വദിച്ചു, തുടര്‍ന്നും യെല്ലോ ജഴ്സി ധരിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ കൃതജ്ഞനാണ്. കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നതിന് തൊട്ടടുത്തെത്തിയെങ്കിലും അവസാനം അത് നഷ്ടമായി. വരും സീസണുകളില്‍ ക്ലബിനൊപ്പം വിജയം കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷ- ജീക്സണ്‍ പറഞ്ഞു.

“ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാകാൻ അദ്ദേഹത്തിന് കഴിവുണ്ട്, ഇപ്പോഴും അദ്ദേഹത്തിന്റെ കഴിവിൽ നിന്ന് വളരെ അകലെയാണ്. അദ്ദേഹത്തിന്റെ പ്രവർത്തന നൈതികതയിലും പ്രൊഫഷണലിസത്തിലും എനിക്ക് സംശയമില്ല. അവനോടൊപ്പം പ്രവർത്തിക്കാനും ഞങ്ങളുടെ ലക്ഷ്യങ്ങൾ ഒരുമിച്ച് പിന്തുടരാനും ഞാൻ ആഗ്രഹിക്കുന്നു. ” കെബിഎഫ്‌സിയുടെ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

മണിപ്പൂരിൽ നിന്ന് വന്ന ജീക്‌സനെ ഫുട്‌ബോളിലേക്ക് പരിചയപ്പെടുത്തിയത് പിതാവാണ്. 11-ാം വയസ്സിൽ ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത്, അവിടെ അദ്ദേഹം തന്റെ കഴിവുകൾ പഠിക്കാനും വികസിപ്പിക്കാനും അഞ്ച് വർഷം ചെലവഴിച്ചു.ചണ്ഡീഗഢ് ഫുട്ബോൾ അക്കാഡമിയിലെ 5 വർഷത്തെ പരിശീലനത്തിന് ശേഷം പരിശീലകരുടെ തന്നെ നിർബന്ധപ്രകാരം മിനർവ പഞ്ചാബിലേക്ക് കൂടുമാറി ജീക്സൺ .

ആയിടെ നടക്കാനിരുന്ന അണ്ടർ 17 ലോകകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീം ഒരുക്കത്തിലായിരുന്നു. തന്റെ കുട്ടികൾക്ക് പരിശീലിക്കാൻ മിനർവ ടീമിനെയാണ് പരിശീലകൻ മറ്റോസ് എതിരാളികളായി കണ്ടത്.ഇന്ത്യൻ ടീമിനെ ഞെട്ടിച്ചുകൊണ്ട് മിനർവ ജയിച്ച മത്സരത്തിൽ മറ്റോസ് ശ്രദ്ധിച്ചത് തങ്ങളുടെ ആക്രമങ്ങൾ തകർത്ത ജീക്സൺ സിങിനെയാണ്.ഇന്ത്യൻ ടീമിൽ ജീക്സൺ അടക്കം മിനർവ ടീമിന്റെ 3 താരങ്ങൾക്കാണ് ഇടം കിട്ടിയത് . പ്രതീക്ഷികളുടെ അമിതഭാരം ഒന്നുമില്ലാതെ ലോകകപ്പിന് ഇറങ്ങിയ ഇന്ത്യ ആകെ നേടിയത് ഒരു ഗോളാണ്,വഴങ്ങിയ 9 ഗോളുകളുടെ വിഷമം തീർക്കുന്ന പൊന്നും വിലയുള്ള ഗോൾ കോർണറിന് തലവച്ച് നേടുമ്പോൾ അത് തന്റെ ജീവിതം മാറ്റുമെന്ന് താരം ചിന്തിച്ച് കാണില്ല .

അതിന് ശേഷം ഓൾ ഇന്ത്യ ഫെഡറേഷന്റെ നേതൃത്ത്വത്തിൽ ഉള്ള ഇന്ത്യൻ ആരോസ് ടീമിനായി (അണ്ടർ 20 താരങ്ങളുടെ ടീം) കളിച്ച ജീക്സൺ മികവ് തുടർന്നു.എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പ്രിപ്പറേറ്ററി ക്യാമ്പിനായി ദേശീയ ടീമിനൊപ്പമാണ് ജീക്‌സൺ ഇപ്പോൾ. ജീക്സനൊപ്പം രാഹുൽ, സഹൽ സെന്റർ ബാക്ക് ബിജോയി എന്നിവരുമായുളള കരാറും ബ്ലാസ്റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്.

Rate this post