മെസ്സി പോയതിന് കാരണമുണ്ട്, ഇപ്പോഴും ബാഴ്സ മെസ്സിക്ക് സാലറി നൽകുന്നുണ്ടെന്ന് ബാഴ്സ പ്രസിഡന്റ്‌..

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന നായകൻ ലിയോ മെസ്സി കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനോട്‌ വിട പറഞ്ഞിരുന്നു, തുടർന്ന് നിരവധി ക്ലബ്ബുകൾ താരത്തിന് വേണ്ടി സമീപിച്ചെങ്കിലും മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്കാണ് ലിയോ മെസ്സി പോയത്.

തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തിരികെ വരാൻ ലിയോ മെസ്സി ശ്രമങ്ങൾ നടത്തിയെങ്കിലും അവസാനം അത് നിഷ്ഫലമായി. ലിയോ മെസ്സി ഇന്റർ മിയാമിയിൽ പോയതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സലോണ പ്രസിഡന്റ്‌ ലപോർട്ട, കൂടാതെ ബാഴ്സലോണ ഇപ്പോഴും മെസ്സിക്ക് സാലറി നൽകുന്നുണ്ടെന്നും ലപോർട്ട പറഞ്ഞു.

“ലിയോ മെസ്സി ഇന്റർ മിയാമിയിൽ സൈൻ ചെയ്യാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ലിയോക്ക് പാരീസിൽ ബുദ്ധിമുട്ടുള്ള സമയമാണ് ലഭിച്ചതെന്നും അതിനാൽ തന്നെ കുറഞ്ഞ സമ്മർദ്ദത്തിൽ വേറെ എവിടെയെങ്കിലും കളിക്കാൻ മെസ്സി ആഗ്രഹിക്കുന്നുവെന്നും ജോർജ്ജ് മെസ്സി ഞങ്ങളോട് പറഞ്ഞു. ലിയോ മെസ്സി ഞങ്ങൾക്ക് വേണ്ടി സൈൻ ചെയ്‌താൽ, അദ്ദേഹത്തിന് അപ്പോഴും അതേ സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. ഞാൻ അദ്ദേഹത്തിന് ഭാവി കരിയറിനു വേണ്ടി ആശംസകൾ നേരുന്നു.”

“ഞങ്ങൾ ഇപ്പോഴും ലിയോ മെസ്സിക്ക് സാലറി നൽകുന്നു, അദ്ദേഹത്തിന്റെ ശമ്പളം 2025 വരെ മാറ്റിവയ്ക്കാൻ അദ്ദേഹം മുൻ ബോർഡുമായി ഉണ്ടാക്കിയ കരാറായിരുന്നു അത്. ഇപ്പോൾ ഇത് ഞങ്ങളുടെ ശമ്പള ബില്ലിൽ കണക്കാക്കുന്നുണ്ട്. ലാ ലിഗയുടെ പുതിയ നിയമങ്ങൾ നോക്കുകയാണെങ്കിൽ ഈയൊരു കണക്ക് ഞങ്ങളുടെ FFP പരിധിയിലേക്ക് ഉൾപ്പെടില്ല.” – ലപോർട്ട പറഞ്ഞു.

ലിയോ മെസ്സിയുടെ പുതിയ ക്ലബ്ബായ ഇന്റർ മിയാമി മേജർ സോക്കർ ലീഗിൽ ഏറ്റവും മോശം ഫോമിലാണ് കളിക്കുന്നത്, ലിയോ മെസ്സിയുടെ വരവ് ലീഗിൽ ടീമിനെ മുന്നേറാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്റർ മിയാമി ആരാധകരും എംഎൽഎസ് ലീഗിന്റെ ആരാധകരും.

5/5 - (1 vote)