ചരിത്രത്തിൽ തന്നെ ഒരൊറ്റ താരമേ മെസിക്ക് തുല്യനായുള്ളൂ, അർജന്റീന നായകനെ പ്രശംസിച്ച് ജോ കോൾ

ഖത്തർ ലോകകപ്പിലെ വിജയത്തോടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിലേക്ക് ആരും എതിർവാദങ്ങൾ ഉന്നയിക്കാതെ തന്നെ ലയണൽ മെസി എത്തിയിരുന്നു. നേരത്തെയും ലയണൽ മെസിയെ പലരും ചരിത്രത്തിലെ മികച്ച താരമായി കണക്കാക്കിയിരുന്നെങ്കിലും ലോകകപ്പ് നേടാത്തതിനാൽ അങ്ങിനെ വിലയിരുത്താൻ കഴിയില്ലെന്നു പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് ഖത്തറിൽ മെസി നൽകിയത്.

ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും അർജന്റീന ടീമിനായി സ്വന്തമാക്കി ആധികാരികമായി തന്നെയാണ് ലയണൽ മെസി കിരീടം നേടിയത്. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും അർജന്റീന നായകൻ സ്വന്തമാക്കിയിരുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ഉയർന്ന ലയണൽ മെസിക്കൊപ്പം നിൽക്കാൻ ഒരേയൊരു കളിക്കാരൻ മാത്രമേയുള്ളൂവെന്നാണ് മുൻ ഇംഗ്ലണ്ട് താരം ജോ കോൾ പറയുന്നത്.

“നേരത്തെ ഒരു തർക്കം ഉണ്ടായിരുന്നു, എന്നാൽ അതിൽ നമ്മളുടെ ചിന്തക്കനുസരിച്ചായിരുന്നു. എന്നാൽ അതിനെ മെസി പൂർണമായും ഇല്ലാതാക്കി. ഫുട്ബോളിലെ എല്ലാം താരം വിജയിച്ചു കഴിഞ്ഞിരിക്കുന്നു. മെസിയെപ്പോലൊരു താരത്തെ ഞാൻ കണ്ടിട്ടില്ല. പന്തുമായി ചെയ്യാൻ കഴിയുന്നതും, വ്യക്തിത്വവും, പ്രതിഭയുമെല്ലാം മികച്ചതാണ്. താരത്തെ ഓരോ തവണ കാണുന്നതും സന്തോഷം നൽകുന്ന കാര്യമാണ്.”

“എക്കാലത്തെയും മികച്ച താരമാണ് മെസി, അക്കാര്യത്തിൽ ഒരു തർക്കത്തിന് നിൽക്കാൻ കഴിയുക പെലെക്ക് മാത്രമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയോ ബ്രസീലിയൻ റൊണാൾഡോയോ മറഡോണയോ അതിലില്ല, അവർക്കും മുകളിലാണ് മെസിയുള്ളത്. മെസിയും പെലെയും ഒപ്പമാണ് ഇപ്പോൾ നിൽക്കുന്നത്.” ബിടി സ്പോർട്ടിൽ ഫുട്ബോൾ വിശകലനം ചെയ്യുന്നതിനിടെ ജോ കോൾ പറഞ്ഞു.

ഒന്നര വർഷത്തിനിടയിൽ ദേശീയ ടീമിനൊപ്പം ലോകകപ്പും കോപ്പ അമേരിക്കയുമടക്കം മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയാണ് മെസി കരിയറിൽ പൂർണത കൈവരിച്ചത്. ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും താരം മുൻപേ തന്നെ സ്വന്തമാക്കിയിരുന്നു. എന്നാൽ അർജന്റീന ടീമിനൊപ്പമുള്ള ഫോം ക്ലബ് തലത്തിൽ പുറത്തെടുക്കാൻ മെസിക്ക് കഴിയുന്നില്ലെന്നത് ആരാധകർക്കിപ്പോൾ ആശങ്ക സമ്മാനിക്കുന്നുണ്ട്.