“എപ്പോഴും ഞാൻ മെസിയുടെ പേരു പറയുമെങ്കിലും ഇത്തവണ അർഹിക്കുന്നത് ബെൻസിമ”- ബാലൺ ഡി ഓറിനെക്കുറിച്ച് ബാഴ്‌സലോണ താരം
ലോകഫുട്ബാളിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ ഇത്തവണ ആരു നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനു ലാ ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാൻ നിർണായകമായ പങ്കു വഹിക്കുകയും ഫ്രാൻസിനൊപ്പം യുവേഫ നേഷൻസ് ലീഗ് ട്രോഫി ഉയർത്തുകയും ചെയ്‌ത കരിം ബെൻസിമയല്ലാതെ മറ്റൊരു താരം ബാലൺ ഡി ഓർ ഉയർത്തില്ലെന്ന് ഫുട്ബാൾ ആരാധകർക്ക് ഉറപ്പുള്ള കാര്യമാണ്.
ബെൻസിമ തന്നെയാണ് ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹതയുള്ള താരമെന്നാണ് റയൽ മാഡ്രിഡിന്റെ ചിരവൈരികളായ ബാഴ്‌സലോണയുടെ ലെഫ്റ്റ് ബാക്കായ ജോർദി ആൽബ പറയുന്നത്. ഇപ്പോഴും ലയണൽ മെസിയുടെ പേരാണ് ബാലൺ ഡി ഓറിനായി താൻ പറയാറുള്ളതെങ്കിലും ഇത്തവണ ബെൻസിമയാണ് പുരസ്‌കാരം അർഹിക്കുന്നതെന്ന് ഈ വർഷത്തെ ബാലൺ ഡി ഓർ ആരു നേടുമെന്ന ചോദ്യത്തിന് മറുപടിയായി സ്‌പാനിഷ് മാധ്യമം എഎസിനോട് ജോർദി ആൽബ പറഞ്ഞു.
റയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്നും 44 ഗോളുകളാണ് ബെൻസിമ നേടിയത്. ഇതിൽ പന്ത്രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും നേടിയ പതിനഞ്ചു ഗോളുകളും ഉൾപ്പെടുന്നു. പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ടീമുകളെ ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് മുതൽ ഫൈനൽ വരെ കീഴടക്കാൻ താരത്തിന്റെ ഇച്ഛാശക്തിയും ഒരിക്കലും തോൽക്കാൻ കഴിയില്ലെന്ന മനോഭാവവും സഹായിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് താരത്തിനു കൂടുതൽ അവസരങ്ങൾ ഒരുക്കാൻ വേണ്ടി കളിച്ചിരുന്ന ബെൻസിമ താരം ക്ലബ് വിട്ടതിനു ശേഷമാണ് ഉജ്ജ്വല ഫോമിലേക്കു വന്നത്.
Lionel Messi's former teammate Jordi Alba has backed Karim Benzema to win this Ballon d'Or this year. https://t.co/JXGCiazvqO
— Sportskeeda Football (@skworldfootball) September 2, 2022
അതേസമയം ചരിത്രത്തിൽ ഏറ്റവുമധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടിയ താരമായ ലയണൽ മെസി ഇത്തവണ പുരസ്‌കാരത്തിനുള്ള അന്തിമ ലിസ്റ്റിൽ പോലും ഇടം നേടിയിട്ടില്ല. കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ എത്തിയ മെസിക്ക് പരിക്കും ലീഗിനോടും ഇണങ്ങാൻ വൈകിയതും മൂലം മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടി നൽകിയത്. എന്നാൽ ഈ സീസണിൽ മെസി തന്റെ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.