റൊണാൾഡോ ട്രാൻസ്‌ഫറിൽ പുതിയ ട്വിസ്റ്റ്, താരം പ്രീമിയർ ലീഗ് ക്ലബിലേക്കു ചേക്കേറാൻ സാധ്യത

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നതിനു വേണ്ടി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിരുന്നു. ഏജന്റായ യോർഹെ മെൻഡസ് നിരവധി ക്ലബുകൾക്ക് താരത്തിന്റെ സേവനം വാഗ്‌ദാനം ചെയ്‌തുവെങ്കിലും അവരെല്ലാം റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം നിഷേധിക്കുകയാണുണ്ടായത്. എന്നാൽ പ്രൊഫെഷണൽ കരിയർ ആരംഭിച്ചതിനു ശേഷം ഇതുവരെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നഷ്‌ടമായിട്ടില്ലാത്ത റൊണാൾഡോ ഇപ്പോഴും ക്ലബ് വിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റൊണാൾഡോയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് താരം ചേക്കേറാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി ഇന്ഡിപെന്ഡെന്റെ റിപ്പോർട്ടു ചെയ്യുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റായ യോർഹെ മെൻഡസ് കഴിഞ്ഞ ദിവസം ലണ്ടനിലെത്തി ട്രാൻസ്‌ഫർ സംബന്ധിച്ച് ചെൽസി നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നേരത്തെ തന്നെ ചെൽസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ചേർത്ത് വലിയ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ചെൽസിയുടെ പുതിയ ഉടമയായ ടോഡ് ബോഹ്‍ലിക്ക് പോർച്ചുഗീസ് താരത്തെ ടീമിലെത്തിക്കാനും താൽപര്യമുണ്ടായിരുന്നു. എന്നാൽ ചെൽസി പരിശീലകനായ തോമസ് ടുഷെൽ റൊണാൾഡോയെ തന്റെ ടീമിന് ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. റൊണാൾഡോ വന്നാൽ അതു ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന കാരണം കൊണ്ടാണ് ടുഷെൽ താരത്തെ സ്വന്തമാക്കാൻ തയ്യാറാവാതിരുന്നത്. എന്നാൽ ഒരു സ്‌ട്രൈക്കറെ ആവശ്യമുള്ള ചെൽസി റൊണാൾഡോയെ പരിഗണിക്കാൻ സാധ്യതയുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള പദ്ധതിയുമായി മുന്നോട്ടു പോയ റൊണാൾഡോ ക്ലബിനൊപ്പം പ്രീ സീസൺ പരിശീലനത്തിലും നിരവധി മത്സരങ്ങളിലും പങ്കെടുത്തിരുന്നില്ല. സീസൺ ആരംഭിച്ച് നാല് ലീഗ് മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചപ്പോൾ അതിൽ ഒരെണ്ണത്തിൽ മാത്രമാണ് റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാൻ പരിശീലകനായ എറിക് ടെൻ ഹാഗ് തുനിഞ്ഞത്. റൊണാൾഡോയെ തനിക്ക് ആവശ്യമുണ്ടെന്ന് ടെൻ ഹാഗ് പറയുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറയും എന്നതിനാൽ ലോകകപ്പ് അടുത്തിരിക്കെ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ക്ലബ് തന്നെയാണ് റൊണാൾഡോ ലക്ഷ്യമിടുന്നത്.

Rate this post