വീണ്ടും പെനാൽറ്റി പാഴാക്കി ജോർജിഞ്ഞോ, കടുത്ത തീരുമാനം കൈകൊണ്ട് ലംപാർഡ്.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഉജ്ജ്വലവിജയം നേടാൻ ലംപാർഡിന്റെ നീലപ്പടക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബ്ലൂസ് എതിരാളികളായ ക്രസ്നോഡറിനെ തകർത്തു വിട്ടത്. ചെൽസിക്ക് വേണ്ടി സൂപ്പർ താരങ്ങളായ ടിമോ വെർണർ, ക്രിസ്ത്യൻ പുലിസിച്ച്, ഹുഡ്സൺ ഒഡോയ്, ഹാക്കിം സിയെച്ച് എന്നിവരാണ് വലകുലുക്കിയത്. ആദ്യ മത്സരത്തിൽ സെവിയ്യയോട് സമനില വഴങ്ങിയ ചെൽസിക്ക് ആശ്വാസം നൽകുന്നതായിരുന്നു ഈ വിജയം.

എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി സൂപ്പർ താരം ജോർജിഞ്ഞോ പാഴാക്കിയിരുന്നു. പെനാൽറ്റി പോസ്റ്റിലിടിച്ചു കൊണ്ടാണ് പാഴായത്. താരം അവസാനമായി എടുത്ത നാലു പെനാൽറ്റികളിൽ രണ്ടെണ്ണവും പാഴാവുകയായിരുന്നു. ഇതോടെ പെനാൽറ്റി എടുക്കുന്ന സ്ഥാനത്ത് നിന്നും ജോർജിഞ്ഞോയെ മാറ്റാനാണ് ലംപാർഡിന്റെ തീരുമാനം. പകരം ടിമോ വെർണറെ നിയോഗിക്കാനാണ് പരിശീലകൻ ഉദ്ദേശിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ ലഭിച്ച മറ്റൊരു പെനാൽറ്റി വെർണർ ഗോളാക്കി മാറ്റിയിരുന്നു.

” തന്റെ കരിയറിൽ ഒട്ടേറെ തവണ പെനാൽറ്റികൾ വിജയകരമായി പൂർത്തിയാക്കിയ താരമാണ് ജോർജിഞ്ഞോ. പ്രത്യേകിച്ച് ചെൽസിയിൽ. നിങ്ങൾ ഒരുപാട് പെനാൽറ്റി എടുക്കുമ്പോൾ ഒന്നോ രണ്ടോ പെനാൽറ്റികൾ പാഴാകുന്നത് സ്വാഭാവികമാണ്. എനിക്കും അങ്ങനത്തെ അനുഭവമുണ്ടായിട്ടുണ്ട്. എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. അദ്ദേഹം പെനാൽറ്റി എടുക്കുന്ന രീതിയിലോ മറ്റോ എനിക്ക് പരാതിയില്ല ” ലംപാർഡ് തുടർന്നു.

” പക്ഷെ ചെൽസിയിൽ ഒരുപാട് നല്ലരീതിയിൽ പെനാൽറ്റി എടുക്കുന്നവർ ഉണ്ട് എന്നോർക്കണം. ടിമോ വെർണർ മികച്ച രീതിയിൽ പെനാൽറ്റി എടുക്കാൻ കഴിവുള്ളവനാണെന്ന് എനിക്കറിയാം. അത്പോലെ തന്നെ ടീമിൽ അതിന് കഴിവുള്ള മറ്റു താരങ്ങളുമുണ്ട്. അത്കൊണ്ട് തന്നെ നമുക്ക് പെനാൽറ്റിയുടെ കാര്യത്തിൽ എങ്ങനെ മികച്ച രീതിയിൽ മുന്നോട്ട് പോവാം എന്ന കാര്യം ഞാൻ താരങ്ങളോട് ചർച്ച ചെയ്യും. ഞങ്ങൾക്ക് ഒരുപാട് മികച്ച പെനാൽറ്റി ടേക്കർമാരുണ്ട് ” ലംപാർഡ് പറഞ്ഞു. ജോർജിഞ്ഞോയെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ തന്നെയാണ് ലംപാർഡിന്റെ തീരുമാനം. വെർണർക്ക് തന്നെയാണ് നറുക്ക് വീഴാൻ സാധ്യത.