പോർച്ചുഗൽ കോച്ചാവാനുള്ള ക്ഷണവും സൗദി ഓഫറുകളും നിരസിച്ചത് അവർക്ക് വേണ്ടി, ഒടുവിൽ തന്നെ പുറത്താക്കിയെന്ന് മൗറിഞ്ഞോ | José Mourinho

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്ത് മികച്ച പരിശീലകന്മാരിലൊരാളാണ് പോർച്ചുഗീസ് പരിശീലകനായ ജോസെ മൗറിഞ്ഞോ. പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോ എഫ്സിയെ യൂറോപ്പിന്റെ ചാമ്പ്യൻമാരാക്കി ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ നേടി പരിശീലക കരിയർ തുടങ്ങിയ ജോസെ മൗറിഞ്ഞോ യൂറോപ്പിലെ പേരുകേട്ട വമ്പൻ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്കിപ്പുറം ജോസെ മൗറിഞ്ഞോയെന്ന പരിശീലകന് അത്ര മികച്ച റിസൾട്ടുകളല്ല കാലം സമ്മാനിച്ചത്, നിരവധിതവണ ക്ലബ്ബുകൾ അദ്ദേഹത്തെ പുറത്താക്കി.

ഏറ്റവും ഒടുവിൽ ഈയിടെ ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയും അപ്രതീക്ഷിതമായി മൗറിഞ്ഞോയെ പുറത്താക്കി. എ എസ് റോമക്ക് നിരവധി വർഷങ്ങൾക്കുശേഷം ഒരു ട്രോഫി നേടികൊടുത്ത ജോസെ മൗറിഞ്ഞോയെ ക്ലബ്ബിൽ നിന്ന് പുറത്താക്കിയെന്ന വാർത്ത റോമ ആരാധകരെ പോലും ഞെട്ടിച്ചു. മൂന്നുവർഷത്തോളം എ എസ് റോമയെ പരിശീലിപ്പിച്ച മൗറിഞ്ഞോ ഈ കാലയളവിൽ തനിക്കു വന്ന ഓഫറുകളെ കുറിച്ചും സംസാരിച്ചു.

“എ എസ് റോമയിൽ നിന്നും എന്നെ പുറത്താക്കിയത് ഏറെ വേദനിപ്പിച്ചു, അവർക്ക് വേണ്ടി ഞാൻ എല്ലാം നൽകിയിരുന്നു. ഈ മൂന്നുവർഷ കാലയളവിനുള്ളിൽ ലോകകപ്പിന് മുൻപായി പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച നാഷണൽ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം വേണ്ടെന്നുവച്ചു. കൂടാതെ സൗദി അറേബ്യയിൽ നിന്നും വമ്പൻ ഓഫറുകൾ വന്നെങ്കിലും ഞാൻ നിരസിക്കുകയായിരുന്നു.” – മൗറിഞ്ഞോ പറഞ്ഞു.

റയൽ മാഡ്രിഡ്‌, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങി യൂറോപ്പിലെ വമ്പന്മാരെ പരിശീലിപ്പിച്ച ജോസെ മൗറിഞ്ഞോ യുവേഫ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങി യൂറോപ്പിലെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ യാതൊരു ക്ലബ്ബുമായും കരാറിൽ ഏർപ്പെടാത്ത മൗറിഞ്ഞോയുടെ അടുത്ത തട്ടകം ഏതാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.