റെക്കോർഡ് ട്രാൻസ്‌ഫറുമായി റയൽ മാഡ്രിഡ്, പ്രഖ്യാപനം അടുത്തയാഴ്‌ച

ഈ സീസണിലേറ്റ തിരിച്ചടികളെ മറികടക്കാനും ടീമിനെ കൂടുതൽ ശക്തമാക്കാനും ഒരുങ്ങുകയാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ ടീമിന് ഈ സീസണിൽ ക്ലബ് ലോകകപ്പും കോപ്പ ഡെൽ റേയും മാത്രമാണ് നേടാൻ കഴിഞ്ഞത്. അടുത്ത സീസണിൽ കൂടുതൽ മികവ് കാണിക്കാൻ ടീമിനെ അഴിച്ചു പണിയേണ്ടത് അനിവാര്യമായ കാര്യമാണ്.

റയൽ മാഡ്രിഡ് അടുത്ത സീസണിലേക്കുള്ള ആദ്യത്തെ സൈനിങ്‌ നടത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പത്തൊമ്പതുകാരനായ ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബില്ലിങ്‌ഹാമിനെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഒരാഴ്ച്ചക്കകം റയൽ മാഡ്രിഡ് ബെല്ലിങ്‌ഹാമിന്റെ സൈനിങ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബർമിംഗ്ഹാം സിറ്റിയിൽ നിന്നും ബൊറൂസിയ ഡോർട്ട്മുണ്ടിൽ എത്തിയ ബെല്ലിങ്ങ്ഹാം പന്ത്രണ്ടു വർഷത്തിന് ശേഷം ടീമിന് ലീഗ് കിരീടം നേടിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അവസാനത്തെ മത്സരം വിജയിച്ചാൽ ഡോർട്ട്മുണ്ട് ലീഗ് ജേതാക്കളായി മാറും. അതിനു ശേഷം താരം റയൽ മാഡ്രിഡുമായി 2029 വരെയുള്ള കരാർ ഒപ്പിടുമെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ ബെല്ലിങ്‌ഹാമിനായി റയൽ മാഡ്രിഡ് 100 മില്യൺ യൂറോയാണ് ആദ്യം നൽകുക. അതിനു ശേഷം ബോണസുകൾ ഉൾപ്പെടെ അത് 130 മില്യനായി വർധിക്കും. ഇതോടെ റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്‌ഫറുകളിൽ ഒന്നായി ഇംഗ്ലീഷ് താരം മാറും.

ക്രൂസ്, മോഡ്രിച്ച് എന്നിവർ കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തിയതിനാൽ മിഡ്‌ഫീൽഡ് ശക്തമാക്കേണ്ടത് റയൽ മാഡ്രിഡിന് അത്യാവശ്യമാണ്. കമവിങ്ങ, ഷുവാമേനി എന്നീ യുവതാരങ്ങൾക്കൊപ്പം പത്തൊമ്പതുകാരനായ ബെല്ലിങ്‌ഹാമും ചേരുന്നതോടെ റയൽ മാഡ്രിഡ് മധ്യനിരയുടെ ഭാവി ഭദ്രമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

2.5/5 - (2 votes)