അർജന്റീനിയൻ ഭാഗ്യദേവൻ, തൊട്ടതെല്ലാം പൊന്നാക്കുന്ന അൽവാരസിന്റ കരിയർ നേട്ടങ്ങൾ ഇതാണ് | Julián Álvarez

സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് വേൾഡ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിയൻ ക്ലബായ ഫ്ലുമിനിയൻസിനെ നാല് ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ക്ലബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം ചൂടി ക്ലബ് വേൾഡ് കപ്പിൽ പ്രവേശിച്ച സിറ്റിയുടെ ആദ്യ ക്ലബ് വേൾഡ് കപ്പ് നേട്ടം കൂടിയാണിത്.

ഫൈനൽ മത്സരത്തിൽ മികച്ച താരമായി നിന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീന താരമായ ജൂലിയൻ അൽവാരസാണ്. മത്സരത്തിൽ ആദ്യം തന്നെ ഗോൾ നേടി തുടങ്ങിയ ജൂലിയൻ അൽവാരസ് രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ ഫൈനലിൽ 40 സെക്കൻഡിൽ അൽവാരസ് നേടിക്കഴിഞ്ഞു. കൂടാതെ തന്റെ കരിയറിൽ അതുല്യമായ നേട്ടങ്ങളാണ് 23 കാരൻ ഇതുവരെ നേടിയിട്ടുള്ളത്.

റിവർ പ്ലേറ്റിനോടൊപ്പം അർജന്റീന ലീഗ് കിരീടം നേടിതുടങ്ങിയ അൽവാരസ്‌ അർജന്റീന ദേശീയ ടീമിനോടൊപ്പം കോപ്പ അമേരിക്ക കിരീടവും സ്വന്തമാക്കി. സൂപ്പർ കോപ്പാ അർജന്റീന, ട്രോഫി ഡേ ചാമ്പ്യൻസ്, കോപ്പ സുഡാമേരിക്കാനോ, കോപ്പ ലിബർട്ടഡോറസ്, കോപ്പ അർജന്റീന തുടങ്ങിയ കിരീടങ്ങൾ അർജന്റീന ക്ലബ്ബിനോടൊപ്പം നേടിയ താരം പിന്നീട് നിരവധി പ്രധാന കിരീടങ്ങൾ സ്വന്തമാക്കി.

അർജന്റീന ദേശീയ ടീമിനോടൊപ്പം കോപ്പ അമേരിക്ക കിരീടം ചൂടിയ താരം ഫൈനലിസിമ, ഫിഫ വേൾഡ് കപ്പ്‌ കിരീടം എന്നിവയും അർജന്റീനക്കൊപ്പം സ്വന്തമാക്കി. കൂടാതെ തന്റെ പുതിയ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം, എഫ്എ കപ്പ്‌, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്‌ എന്നിവയെ കൂടാതെ ഇപ്പോൾ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് കിരീടവും നേടി. ഇരുപത്തിമൂന്നാം വയസ്സിൽ തന്നെ ഇത്രയും അധികം നേട്ടങ്ങൾ സ്വന്തമാക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്നാഭിലാഷമാണ്.

Rate this post