11 മിനിറ്റിൽ അർജന്റീന താരം ആൽവാരസ് നടത്തിയ മാജിക്കൽ പ്രകടനം,സിറ്റിക്ക് അനായാസ വിജയം |Julián Álvarez

നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ രണ്ടു മത്സരങ്ങളിൽ രണ്ടും വിജയിച്ച ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്, തുടർച്ചയായി രണ്ടാം കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന പെപ് ഗാഡിയോള പ്രീമിയർ ലീഗിലും സ്ഥിരത പുലർത്തി കൊണ്ടിരിക്കുകയാണ്. വോൾവ്സിനെതിരെ കഴിഞ്ഞ പ്രീമിയർ ലീഗിലെ അപ്രതീക്ഷിത തോൽവിയിൽ നിന്നും കര കയറാനും ഈ മത്സരത്തിന്റെ വിജയത്തോടെ പെപ്പിനും സംഘത്തിനും സാധിച്ചു.

ലെയ്പ്സിഗിനെതിരെ അവരുടെ തട്ടകമായ റെഡ്ബുൾ അരെനയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. കളിയുടെ 25 മിനിറ്റിൽ റിക്കോ ലെവിസ് നൽകിയ പന്ത് ഇംഗ്ലീഷ് താരം ഫോഡനിലൂടെ സിറ്റിസൺസ് ആദ്യം മുന്നിലെത്തി,പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൗയ്‌സ് ഒപെണ്ടയിലൂടെ ലെയ്പ്സിഗ് ഒപ്പത്തിനൊപ്പം എത്തി.

കളിയുടെ 72 മിനിറ്റിൽ ഡോക്കുവും 79മത്തെ മിനുട്ടിൽ ആൽവരസും പകരക്കാരായി വന്നതോടെ കളിയുടെ ഗതി മാറി.ഗോൾ മെഷിൻ ഏർലിങ് ഹാളണ്ടിനെ നോക്കുകുത്തിയാക്കി ഡോക്കു-ആൽവാരസ് എന്നിവരുടെ മാജിക്കൽ പ്രകടനമാണ് പിന്നീട് കണ്ടത്. കളിയുടെ 84 മിനിറ്റിൽ ഡോക്കുവിന്റെ അസിസ്റ്റിലൂടെ ആൽവാരസ് മനോഹരമായി എതിർവല ചലിപ്പിച്ച് ആദ്യം ലീഡ് നേടിയെടുത്തു,സ്കോർ 2-1.പിന്നീട് ഇഞ്ചുറി ടൈമിൽ ഹാലൻഡിൽ നിന്നും പന്ത് സ്വീകരിച്ച് അർജന്റീന താരം ആൽവാരസ് ഒറ്റക്ക് മുന്നേറി ബോക്സിലേക്ക് ഓടിയെത്തിയ ഡോക്കുവിന് മനോഹരമായ പന്ത് കൈമാറി സിറ്റി താരം അനായാസമായി ഗോൾകീപ്പറെ കബളിപ്പിച്ച് മൂന്നാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.

പകരക്കാരനായി ഇറങ്ങി ഓരോ ഗോളുകൾ വീതം നേടുകയും ആ ഗോളുകൾക്ക് രണ്ടുപേരും പരസ്പരം അവസരങ്ങൾ ഒരുക്കിയും ആൽവാരസ്-ഡോക്കു സഖ്യം സിറ്റിയുടെ വിജയശിൽപ്പികൾ ആവുകയായിരുന്നു. അവസരത്തിനൊത്ത് പെപ് ഗാർഡിയോള നടത്തിയ സബ്റ്റിറ്റ്യൂട്ട് സിറ്റിയുടെ പോക്കറ്റിൽ മൂന്ന് പോയിന്റുകൾ സേവ് ചെയ്തു വെക്കുകയായിരുന്നു.

അർജന്റീന താരം ആൽവാരസാവട്ടെ തകർപ്പൻ ഫോമിലാണ് ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഇതുവരെ 12 മത്സരങ്ങളിൽ പത്തു ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട് അർജന്റീനയുടെ ലോകകപ്പ് വിജയി.ഗുണ്ടോഗന്റെ ബാഴ്സലോണയിലേക്കുള്ള കൂടു മാറ്റവും ഡി ബ്രൂയിന്റെ പരിക്കും അർജന്റീന താരത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. സ്ട്രൈക്കർ ആയിരുന്ന താരത്തെ ഹാലാണ്ടിനു പിന്നിലായി പെപ് ഗാർഡിയോള സ്ഥാനം നിശ്ചയിച്ചപ്പോൾ താരത്തിന് ഏതു റോളും ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് ആൽവാരാസും തെളിയിച്ചു.

നിലവിൽ ഈ സീസണിൽ രണ്ടു മത്സരങ്ങൾ പിന്നിടുമ്പോൾ 3 ഗോളുകൾ നേടി ടോപ് സ്കോറർ സ്ഥാനത്താണ് സിറ്റിസൻസിന്റെ സ്പൈഡർമാൻ. പ്രീമിയർ ലീഗിലെ റെക്കോർഡും ഏറെ അത്ഭുതാവഹമാണ്.ഇതുവരെയുള്ള ചാമ്പ്യൻസ് ലീഗ് കരിയറിൽ വെറും 569 മിനിറ്റുകൾ മാത്രം കളിച്ച ആൽവാരസ് ആറു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതായത് ഓരോ 63 മിനിട്ടുകളിലും ഗോൾ നേടാൻ മാഞ്ചസ്റ്റർ സിറ്റിയുടെ ഈ യുവതാരത്തിനായിട്ടുണ്ട്.ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും മികച്ച സിറ്റിയുടെ താരം ആരാണെന്നുള്ള ചോദ്യത്തിന് നിസംശയം പറയാം അത് ഈ അർജന്റീന താരം തന്നെ.

5/5 - (1 vote)